മുക്കം: മുക്കം ടൗൺ പരിഷ്കരണത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. 40 വർഷമായി കച്ചവടം നടത്തുന്നവരെയും കെട്ടിട ഉടമകളെയും ബാധിക്കുമെന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ പരാതി. സ്ഥലം ഏറ്റെടുക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ചർച്ച വേണമെന്നാണ് അവരുടെ ആവശ്യം. പരാതി ഉന്നയിച്ച വ്യാപാരികളെ കഴിഞ്ഞ ദിവസം എം.എൽ.എ വിളിച്ചിരുന്നു. എന്നാൽ യോഗത്തിൽ തങ്ങളെ വിളിച്ചില്ലെന്നും ഏകോപന സമിതിക്ക് പരാതിയുണ്ട്. യൂണിറ്റ് പ്രസിഡന്റ് കെ.സി.നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റഫീഖ് മാളിക, എം.കെ.സിദ്ദിഖ്, ഗണേഷ് കമ്മത്ത്, എൻ.എം ഹാഷിർ, മുഹമ്മദലി എന്നിവർ സംബന്ധിച്ചു. 7.37 കോടി രൂപ ചെലവിലാണ് മുക്കം ടൗൺ നവീകരിക്കുന്നത്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. അങ്ങാടി ആരംഭിക്കുന്ന അഭിലാഷ് ജംഗ്ഷൻ മുതൽ മുക്കം പാലം വരെ 4 ലൈൻ ട്രാഫിക്, കലുങ്കുകൾ, ഡ്രൈനേജ്, ടൈൽ വിരിച്ച നടപ്പാത, ഹാൻഡ് റെയിൽ, പുല്ല് വിരിച്ച മീഡിയൻ, തെരുവുവിളക്കുകൾ എന്നിവയും അഭിലാഷ് ജംഗ്ഷൻ മുതൽ അങ്ങാടിയുടെ മദ്ധ്യത്തിലെ ആലിൻചുവടു വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ്, ആലിൻചുവട് മുതൽ പി.സി ജംഗ്ഷൻ വരെ ഇന്റർലോക്ക് വിരിച്ച പാത എന്നിവയാണ് ആദ്യഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുന്നത്. കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.