കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ മൂന്നാം പെരിയ, പുത്തൻപീടിക പുഴയ്ക്ക് കുറുകെ പാലം പണിയണമെന്ന് ആവശ്യം. തൊട്ടിൽപാലം- വയനാട് അന്തർ സംസ്ഥാന പാതയിലെ പൂതംമ്പാറയിൽ നിന്നും പൊയിലോംചാൽ, മുറ്റത്ത് പ്ലാവ്, പൂഴിത്തോട്, പശുക്കടവ് ഭാഗത്തേക്ക് മൂന്നാം പെരിയ പുഴ കടന്ന് എളുപ്പത്തിൽ എത്താൻ കഴിയുന്നതാണ് വഴി. ഏത് നിമിഷവും തകരാവുന്ന നടപ്പാലമാണ് ഇവിടെയുള്ളത്. മഴക്കാലത്ത് ഇവിടെ കനത്ത ഒഴുക്കുണ്ടാകാറുണ്ട്. ഏതാനും വർഷം മുൻപ് പാലത്തിൽ നിന്നും വീണ് ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു.
പുഴയോരത്തും സമീപ പ്രദേശങ്ങളിലുമായി ഇരുന്നൂറോളം കുടുംബങ്ങളാണ് കഴിയുന്നത്. മൂന്നാം പെരിയ അംഗൻവാടി, പൂതംമ്പാറ സെന്റ് ജോസഫ് സ്‌കൂൾ, മറ്റ് അത്യാവശ്യ കേന്ദ്രങ്ങളിലേക്കും വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. 2019ൽ കെ. മുരളീധരൻ എം.പിയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ കൊവിഡിന്റെ പ്രത്യേക സാഹചര്യം കാരണം തുടർ നടപടികൾ നിലച്ചെന്ന് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് അംഗം റോണി മാത്യു പറഞ്ഞു.