കാസർകോട്: കൊവിഡ് പശ്ചാത്തലത്തിൽ ആറുമാസമായി നിർത്തിയ കാസർകോട്-മംഗളൂരു കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉടൻ പുനരാരംഭിക്കാൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇടപെടുന്നു. കേരള സർക്കാരിനോട് ഈ ആവശ്യം ഉന്നയിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൊവിഡ് വ്യാപനം മൂലമുള്ള ആശങ്കകൾ കാരണം അടച്ചിട്ട കേരള-കർണാടക അതിർത്തി റോഡുകൾ ഇളവുകൾ ഏർപ്പെടുത്തിയിട്ടും തുറക്കാൻ കേരള സർക്കാർ തയ്യാറാകാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി ഇടപെടുകയും റോഡുകൾ തുറക്കുകയും ചെയ്തിരുന്നു. എന്നാൽ കാസർകോട്-മംഗളൂരു ബസ് സർവീസുകളുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇതോടെ കാസർകോട്ട് നിന്ന് മംഗളൂരുവുമായും തിരിച്ചും ബന്ധപ്പെടുന്ന യാത്രക്കാർ വാഹന സൗകര്യമില്ലാതെ ദുരിതത്തിലാണ്.
ലോക്ഡൗണിന് മുൻപ് ഈ രണ്ട് നഗരങ്ങൾക്കിടയിൽ ദിവസവും 5,000 ആളുകൾ സഞ്ചരിച്ചിരുന്നതായാണ് കണക്ക്. ഇപ്പോൾ അത്യാവശ്യ കാര്യങ്ങൾക്ക് പോലും രണ്ട് നഗരങ്ങളെയും ആശ്രയിക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ്. സർവീസ് പുനരാരംഭിക്കുന്നതിന് ധാരണയിലെത്തേണ്ടത് രണ്ട് സർക്കാരുകളാണെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു. സേവനങ്ങൾ വീണ്ടും ആരംഭിക്കുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ചും ആവശ്യമായ നടപടികളെക്കുറിച്ചും കെ.എസ്.ആർ.ടി.സിയിൽ നിന്നും ഗതാഗത വകുപ്പിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. റിപ്പോർട്ടുകൾ ലഭിച്ചാൽ തുടർ നടപടികൾ വേഗത്തിലാക്കും. സർവീസുകൾ പുനരാരംഭിക്കാൻ അനുമതി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി മുൻപ് കേരളത്തിലെ ഗതാഗത വകുപ്പിന് കത്തെഴുതിയിരുന്നു. ലോക്ക്ഡൗൺ തുടങ്ങിയ കാലത്ത് ആംബുലൻസുകളെ പോലും കടത്തി വിടാതെ വഴി കൊട്ടിയടച്ച് നിരവധി മലയാളികളുടെ ജീവൻ നഷ്ടപ്പെടുത്തിയ സംസ്ഥാനമാണ് കർണ്ണാടക.