കുറ്റ്യാടി: മഴയൊഴിഞ്ഞ് വയലുകളിൽ നിന്നും ചെളിയിറങ്ങിയാൽ കുറ്റ്യാടി വയലുകളിൽ മുണ്ടോൻ നെല്ലിൻ കൊയ്ത്താണ്. ഇതു കഴിഞ്ഞാൽ കന്നുകാലി ചന്തയുടെ വരവ്. ഒരാഴ്ച നീളുന്ന ആളും ബഹളവും ഒഴിഞ്ഞ് അവസാനത്തെ മൂരിയും പോയാൽ വോളിബാൾ പെരുംകളിയുടെ തുടക്കം. ആയിരക്കണക്കിന് മനുഷ്യരുടെ കാൽ പാദവും നൂറ് കണക്കിന് മൂരികളുടെ കുളമ്പ് പതിഞ്ഞും ഉറച്ച മണ്ണിൽ വേനൽ വിട പറയും വരെ പന്തുകളിയുടെ ആരവമാകും.
സെർവുകളും സ്മാഷുകളും ബ്ലോക്കുകളും സേവുകളും കളിക്കളത്തിൽ മിന്നി മറയുമ്പോൾ മിന്നും താരമായിരുന്നു
ഇന്ന് മരണപ്പെട്ട ഒസാന്റെ പറമ്പത്ത് ഗംഗാധരൻ. കിട്ടിയ ലിഫ്റ്റിൽ പന്ത് അടിച്ചു കോർട്ടിൽ തീപ്പൊരി പറത്തും. ഗംഗന്റെ അടിയിൽ പന്തിന്റെ നിലം തൊട്ട ശബ്ദം ഏറെ ദൂരം കേൾക്കുമായിരുന്നു.കെ.വി കുഞ്ഞബ്ദുള്ള, കേളോത്ത് മൊയ്ദു, കരിമ്പിൽ ഖാദർ ഇവരൊക്കെ ഒ.പി യോടൊപ്പം ഉണ്ടായിരുന്ന എഴുപതുകളിലെ കൈപന്ത് കളിക്കാർ ആയിരുന്നു.
നാഷണൽ ടീമിന് വേണ്ടി കളിച്ച ഒ.പി ഗംഗാധരൻ ഇന്ത്യൻ ആർമിയിൽ ചേർന്നപ്പോൾ സർവീസസ് ടീമിനു വേണ്ടി ദീർഘകാലം കളിച്ചിരുന്നു. പിന്നീട് കസ്റ്റംസിൽ കളിയും ജോലിയും. കുറ്റ്യാടിയിൽ ലക്ഷണമൊത്ത വോളി കോർട്ട് വരുമ്പോൾ അതിന് നൽകേണ്ട പേര് ഇദ്ദേഹത്തിന്റേത് ആകണമെന്ന് ജില്ലാ വോളിബാൾ അസോസിയേഷൻ അനുശോചന പ്രമേയത്തിൽ പറഞ്ഞു. പ്രസിഡന്റ് സി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. എ.സി മജീദ് പ്രമേയം അവതരിപ്പിച്ചു. കെ.കെ. മൊയ്തീൻകോയ, പി. ശ്രീനിവാസൻ, ബാബു ഹാജി, എം.സി സുരേഷ്, വി. വിദ്യാസാഗർ, ടി.പി. മുസ്തഫ, കെ.കെ ശശീന്ദ്രൻ, യൂസഫ്, കെ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. ഫാസ് കുറ്റ്യാടിയും അനുശോചിച്ചു. കാവിൽ കുഞ്ഞബ്ദുള്ള, എ.സി. മജീദ്, അലി അറക്കൽ, പി.പി ഷബീഖ്, വി.വി അനസ്, വി.കെ പ്രദീപൻ, സി.എച്ച് ഷരീഫ് എന്നിവർ സംസാരിച്ചു.