വടകര: വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച പി ടി എ യ്ക്കുള്ള അവാർഡ് മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിന് ലഭിച്ചു. 2019-20 അധ്യയന വർഷത്തെ പി ടി എയുടെ നേതൃത്വത്തിൽ സ്‌കൂൾ കൈവരിച്ച നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. കടന്നു പോയത് വിദ്യാലയത്തിന്റെ ശതാബ്ദി വർഷം കൂടിയായിരുന്നു.
നേരത്തെ അഞ്ചു ദിവസം നീണ്ട ' ഉയരെ ' ശാസ്ത്ര-സങ്കേതിക - വിദ്യാഭ്യാസ-ചരിത്ര പ്രദർശനം ഒരുക്കിയത് കാണാൻ വടകര വിദ്യാഭ്യാസ ജില്ലയിലെ 120 വിദ്യാലയങ്ങളിൽ നിന്നായി പന്ത്രണ്ടായിരം വിദ്യാർത്ഥികളും നാല്പതിനായിരത്തിൽപരം പൊതുജനങ്ങളും സ്‌കൂളിലെത്തിയിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾക്കായി നടത്തിയ നാല് ദിവസത്തെ ശാസ്ത്ര സഹവാസ ക്യാമ്പ്, സംസ്ഥാന സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള സാഹിത്യ ക്യാമ്പ്, സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഫോക്‌ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ നടന്ന നാടൻകലകളുടെ പ്രദർശനം, നാടക ക്യാമ്പുകൾ എന്നിവ ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു . പെൺകുട്ടികളുടെ ശാക്തീകരണത്തിന്റെ ഭാഗമായി കളരി പരിശീലനം, കരാട്ടേ പരിശീലനം എന്നിവ നടന്നു വരുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലടക്കം നടത്തിയ പൂർവവിദ്യാർത്ഥി സംഗമങ്ങൾ ഏറെ ശ്രദ്ധേയമായി.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ യു എൽ എഡ്യു പ്രോജക്ടിന്റെ ഭാഗമായി മാപ്പലിൽ എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതി സ്കൂളിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. പി.പി ദിവാകരൻ പ്രസിഡന്റായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.