vijilanse
കാസർകോട് വിജിലൻസ് ഡിവൈ എസ് പി ഡോ. വി ബാലകൃഷ്ണനും സംഘവും മീഞ്ചിപദവിലെ അനധികൃത ചെങ്കൽ ക്വോറികളിൽ റെയ്ഡ് നടത്തുന്നു

കാസർകോട്: ക്വാറികളുണ്ടാക്കി അനധികൃതമായി ചെങ്കല്ലുകളും മണലും കുഴിച്ചെടുത്തു കടത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് കേരള അതിർത്തിയിലെ വിവിധ ചെങ്കൽ പണകളിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തി. കാറഡുക്ക പഞ്ചായത്തിലെ ആദൂർ വില്ലേജിൽ മിഞ്ചിപദവിൽ ക്വാറികളിൽ വിജിലൻസ് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിൽ അനധികൃതമായി മുറിച്ചെടുത്തതായി കണ്ടെത്തിയ 55.94 ലക്ഷം ചെങ്കല്ലുകളും 25340 ക്യൂബിക് മീറ്റർ സ്ഥലത്തെ ചുകന്ന മണ്ണും പിടിച്ചെടുത്തു.
67128 ക്യൂബിക് മീറ്റർ സ്ഥലത്തുനിന്നാണ് ചെങ്കല്ലുകൾ കുഴിച്ചെടുത്തിരിക്കുന്നത്. ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതിന് യാതൊരുവിധ അനുമതിയും വാങ്ങാതെയും സർക്കാരിലേക്ക് റോയൽറ്റി അടക്കാതെയും പ്രവർത്തിച്ചു വന്നായിരുന്ന ചെങ്കൽ പണകളിലാണ് വിജിലൻസ് സംഘം എത്തിയത്. എൽ.എസ്.ജി.ഡി അസി. എക്സികുട്ടീവ് എൻജിനിയർ സുനിൽകുമാർ, വിജിലൻസ് എസ്.ഐ കെ. രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുഭാഷ് ചന്ദ്രൻ, സി.കെ രഞ്ജിത്ത്, ടി. കൃഷ്ണൻ എന്നിവരും ഡിവൈ എസ് പിയുടെ സംഘത്തിലുണ്ടായിരുന്നു.