കോഴിക്കോട്: കുട്ടികളിലെ കൊവിഡ് വ്യാപനം തടയാൻ അഴിയൂർ പഞ്ചായത്തിൽ സ്ക്വാഡ് പ്രവർത്തനം ഊർജ്ജിതമാക്കി. കുട്ടികൾ കൂട്ടം ചേർന്ന് കളിക്കുന്ന സ്ഥലങ്ങൾ മാപ്പ് ചെയ്താണ് പരിശോധന. പഞ്ചായത്ത്, പൊലീസ്, റവന്യൂ പ്രതിനിധികളടങ്ങുന്ന സ്ക്വാഡ് സംയുക്ത പരിശോധനയാണ് നടത്തുക. പരിശോധനയിൽ എമർജൻസി റെസ്‌പോൺസ് ടീം അംഗങ്ങളുമുണ്ട്.

ആസ്യ റോഡ്, ദോബികുളം, മനയിൽ അമ്പലം പരിസരം, തിരുത്തിപ്പുറം ചങ്ങരോത്ത് മുക്ക്, പനാട സ്കൂൾ പരിസരം, എരിക്കിൽ ബീച്ച്, ബിച്ചൂമ്മ പള്ളി പരിസരം, മാഹി റെയിൽവേ സ്റ്റേഷൻ പിറകുവശം, സുനാമി കോളനി തുടങ്ങിയ കുട്ടികൾ കളിക്കാനെത്തിയിരുന്ന പ്രധാന സ്ഥലങ്ങൾ പരിശോധിക്കും. പഞ്ചായത്ത് ഭാഗികമായി കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ കുട്ടികൾ കൂട്ടംചേർന്ന് കളിക്കുന്നതിന് നിരോധനമുണ്ട്.

പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് സ്ക്വാഡ് പ്രവർത്തിക്കുന്നത്. സിവിൽ പൊലീസ് ഓഫീസർ വി. സുനിൽദാസ്, വില്ലേജ് അസിസ്റ്റന്റ് വി.എ. ബഷീർ, കൊവിഡ് ചുമതലയ്ക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകന്മാരായ സലീഷ് കുമാർ, കെ.പി. പ്രീജിത്ത് കുമാർ, സി.കെ. സാജിത്, കെ. സജേഷ് കുമാർ, ആർ.പി. റിയാസ് എന്നിവരും എമർജൻസി റെസ്‌പോൺസ് ടിം അംഗങ്ങളായ എൻ.പി മഹേഷ് ബാബു, ഉനൈസ്, സാമ്രാൻ, അനൂപ് വട്ടക്കണ്ടി, കെ.കെ. ബിജു എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി.