palayam-market

കോഴിക്കോട്: തിക്കും തിരക്കും ഒഴിയാത്ത പാളയത്ത് കൊവിഡ് പടർന്നതോടെ വിറങ്ങലിച്ചു നിൽക്കുകയാണ് മാർക്കറ്റും ബസ്‌സ്റ്റാന്റും. നിരോധനമേർപ്പെടുത്തിയ സ്ഥലങ്ങളിൽ ജനം പ്രവേശിക്കാതിരിക്കാൻ പൊലീസുകാർ മാത്രം. പാളയം ബസ്‌സ്റ്റാന്റിലെത്തുന്ന

ബസുകളിൽ പതിവ് തിരക്കില്ല. യാത്രക്കാർക്കാണെങ്കിൽ വേഗത്തിൽ വീട്ടിലെത്തിയാൽ മതിയെന്ന ഭാവവും. എല്ലാ മുഖത്തും എന്തെന്നില്ലാത്ത ഭയം. എങ്ങും ചർച്ചകൾ കൊവിഡിനെക്കുറിച്ച് മാത്രം. ആളനക്കം കുറഞ്ഞതോടെ ബസുകൾ സർവീസ് വെട്ടിച്ചുരുക്കുകയാണ്. പച്ചക്കറി മാർക്കറ്റിലും പാളയത്തെ കടകളിലുമുള്ള തൊഴിലാളികളായിരുന്നു ബസുകളിലെ പ്രധാന യാത്രക്കാ‌ർ. എന്നാൽ പാളയം മൊത്തമായി അടച്ചതോടെ ആരുമില്ലാതായി. സ്റ്റാൻഡിൽ ഏറെ നേരം യാത്രക്കാരെ പ്രതീക്ഷിച്ചിരുന്നിട്ടും രക്ഷയില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു. പാളയം മാർക്കറ്റ് റോഡ് അടച്ചതോടെ മുതലക്കുളത്ത് നിന്ന് മാനാഞ്ചിറ വഴിയാണ് ബസുകൾ പുതിയ സ്റ്റാൻഡിലെത്തുന്നത്. പരിശോധന കർശനമാക്കിയതിനാൽ ആളുകളെ ഇവിടേക്ക് കടത്തി വിടുന്നില്ല. എങ്കിലും എന്താണ് സംഭവമെന്നറിയാൻ പലരും എത്തുന്നത് പൊലീസിനെ കുഴയ്ക്കുന്നു. പലർക്കും രോഗവ്യാപനത്തിന്റെ തീവ്രത വ്യക്തമായില്ലെന്നാണ് പൊലീസ് പറയുന്നത്.
ലോക്ക് ഡൗൺ കാലയളവിൽ കുറച്ചു ദിവസം അടഞ്ഞു കിടന്നതൊഴിച്ചാൽ സജീവമായിരുന്നു പാളയം മാർക്കറ്റ്. ഇടയ്ക്ക് പാളയം ബസ്റ്റാൻഡിലേക്ക് മാർക്കറ്റ് മാറ്റിയിരുന്നു. എങ്കിലും ഉന്തുവണ്ടികളും തെരുവുകച്ചവടവും സജീവമായിരുന്നു. എന്നാൽ പലപ്പോഴും ജാഗ്രത കൈവിട്ടു. ഓണത്തിരക്കുകൾക്ക് ശേഷം നടത്തിയ പരിശോധനയിലാണ് മാർക്കറ്റിൽ കൊവിഡ് വ്യാപനം രൂക്ഷമായതായി കണ്ടെത്തിയത്. തുടർന്നാണ് 30വരെ അടച്ചിടാൻ തീരുമാനിച്ചത്. മാർക്കറ്റ് അടയ്ക്കുന്നതിന് മുമ്പായി ബുധനാഴ്ച സാധനങ്ങൾ വേങ്ങേരി കാർഷിക മൊത്തവിപണന കേന്ദ്രത്തിലേക്ക് മാറ്റാനുള്ള സൗകര്യം നല്‍കിയിരുന്നു. പാളയത്ത് പച്ചക്കറി ഇറക്കുന്ന വാഹനങ്ങൾക്ക് വേങ്ങേരിയിൽ സാധനങ്ങൾ ഇറക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 1500 ഓളം പേരാണ് പാളയം മാർക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഇതിൽ ദിവസങ്ങളായി മാർക്കറ്റിൽ വരാത്തവർ നിരവധിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മാർക്കറ്റ് അണുവിമുക്തമാക്കിയിരുന്നു. പാളയം മാർക്കറ്റിലെ കൊവിഡ് വ്യാപനം ജില്ലയിലെ സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. ജാഗ്രത പുലർത്തിയില്ലെങ്കിൽ രോഗവ്യാപനം വർദ്ധിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിലും കൊവിഡ് പരിശോധനാ ക്യാമ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.