guest
ബംഗാൾ സ്വദേശികളായ കുടുംബത്തിന് ജീവകാരുണ്യ പ്രവർത്തകർ ഒരുക്കിയ വീട്.

പന്ത്രണ്ട് വർഷമായി കുറ്റ്യാടി അങ്ങാടിയിലെ തയ്യൽ തൊഴിലാളിയായ കൽക്കത്തയ്ക്കടുത്ത് ഫർഖോന ജില്ലയിലെ ഗാഡൻ ഡീച്ച് നിവാസിയായ ഷെയ്ക്ക് രാജേഷിനും കുടുംബത്തിനുമാണ് തലചായ്ക്കാൻ ഇടമായത്. രാജേഷും ഭാര്യ നൂർജഹാനും മക്കളായ റസ്‌വാന , റജിയ, ഷെയ്ക്ക്‌രഹിയാൻ എന്നിവർ വെട്ടോറേമ്മലിലെ വാടക വീട്ടിലായിരുന്നു താമസം. കൊവിഡ് ലോക്ക് ഡൗണിൽ രാജേഷ് ജോലി ചെയ്തിരുന്ന ടെയ്‌ലറിംഗ് കട അടഞ്ഞതോടെ ഒരു നേരത്തെ ഭക്ഷണത്തിന് കരുണയുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥയായിരുന്നു. വീട്ടു വാടകയും വൈദ്യുതി ബില്ല് അടവും വരെ മുടങ്ങി. നാട്ടുകാരുടെയും കുറ്റ്യാടിയിലെ പരിചിതരുടെയും സഹായത്തോടെ ജീവിതം തള്ളിനീക്കുകയായിരുന്നു. ഇതുകണ്ടാണ് നരയൻങ്കോട് മസ്ജിദ് ഭാരവാഹികളും കുറ്റ്യാടിയിലെ ജീവകാരുണ്യ പ്രവർത്തന വേദിയായ ചിന്നൂസ് കൂട്ടായ്മയും അടുക്കത്ത് യു.പി.സ്‌കുളിലെ അദ്ധ്യാപകരും ഇവർക്കായി കൈകോർത്തത്. വേട്ടോറേമ്മലിലാണ് രാജേഷിനും കുടുംബത്തിനും വീടൊരുങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ രാജേഷിന് പുതിയ വീട്ടിലേക്ക് താമസം മാറാനാവുമെന്ന് നരയൻങ്കോട് മസ്ജിദ് ഭാരവാഹികളും അടുക്കത്ത് എം.എ.എം യു.പി.അധ്യാപകൻ പി.കെ ഷമീർ മാസ്റ്റർ, ചീന്നുസ് കൂട്ടായ്മയുടെ സാരഥികളായ നസീർ ചിന്നൂസ്, അശ്രഫ് ടി.സി എന്നിവർ പറഞ്ഞു. രാജേഷിന്റെ മൂന്ന് മക്കളും അടുക്കത്ത് യു.പി.സ്‌കൂളിലാണ് പഠിക്കുന്നത്. ബംഗാളിൽ അടുത്ത ബന്ധുക്കളാരും ഇല്ലാത്തതിനാൽ ഇനിയുള്ള കാലവും കേരളത്തിൽ കഴിയാനാണ് രാജേഷിനും കുടുംബത്തിനും താത്പര്യം.