കോഴിക്കോട്: സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ബി.ജെ.പി കോഴിക്കോട് ജില്ലാ നേതൃത്വ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷൻ അഴിമതി കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ്. ലൈഫ് മിഷൻ അഴിമതിയിൽ സർക്കാരിനും പാർട്ടിക്കും പങ്കില്ലെന്ന് പറഞ്ഞ സി.പി.എം സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ പ്രതിരോധിക്കുമെന്നാണ് പറയുന്നത്.
സ്വർണക്കടത്തിനേക്കാൾ മുഖ്യമന്ത്രിക്ക് നേരിട്ട് അറിയുന്നതാണ് ഈ കരാർ. മുഖ്യമന്ത്രിയെ സി.ബി.ഐ ചോദ്യം ചെയ്താൽ എങ്ങനെ തൽസ്ഥാനത്ത് തുടരുമെന്നതാണ് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. വിജിലൻസ് അന്വേഷണം നടത്തി ക്ലീൻ ചിറ്റ് കൊടുപ്പിക്കാനാണ് സി.പി.എമ്മിനെ അവരുടെ ബുദ്ധികേന്ദ്രങ്ങൾ ഉപദേശിച്ചത്. ആ റിപ്പോർട്ടുമായി കോടതിയിൽ പോയി സി.ബി.ഐ അന്വേഷണത്തിന് തടയിടാനായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപ്പശാലയിൽ ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജൻ, ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ, സംസ്ഥാന സമിതി അംഗങ്ങളായ കെ. രജിനേഷ് ബാബു, എം.പി. രാജൻ, ശശീന്ദ്രൻ, ജയാസദാനന്ദൻ എന്നിവർ പ്രസംഗിച്ചു.