കൊയിലാണ്ടി: പെരുവട്ടൂരിൽ മൂന്ന് കടകൾ കുത്തിത്തുറന്ന് മോഷണം. സി. കെ ലാലുവിന്റെ കെ വി എസ് സൂപ്പർ മാർക്കറ്റ്, പി.പി ഷൗക്കത്തിന്റെ നൈസ് മൊബൈൽ, ശ്രീകല വിനീഷന്റെ അക്ഷയ സെന്റർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത് . കെ വി എസ് സൂപ്പർ മാർക്കറ്റിന്റെ മുൻവശത്തെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് സ്റ്റേഷനറി സാധനങ്ങൾ നശിപ്പിക്കുകയും കളവ് നടത്തുകയും ചെയ്തു. വിവിധ ചാരിറ്റി സംഘടനകൾക്ക് നൽകുന്ന പണവും മേശയിലെ പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
സമാനരീതിയിലാണ് അക്ഷയ സെന്ററിലും മോഷണം നടത്തിയത്. കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഓഫീസ് രേഖകളും വലിച്ച് വാരിയിട്ട നിലയിലാണ്. മേശയിൽ നിന്ന് പണവും നഷ്ടപ്പെട്ടിട്ടുണ്ട്.മൊബൈൽ ഷോപ്പിൽ നിന്ന് റീചാർജിനായി സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടു. ഉടമകളുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു . ടൗണിൽ പുലർച്ചയോടെ വിവിധ കടകളിൽ പരിശോധന നടത്തുന്ന ഒരാളുടെ സി.സി ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. രാത്രി കാലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് പ്രസിഡന്റ് കെ.എം രാജീവനും ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി പി ഇസ്മായിൽ എന്നിവർ ആവശ്യപ്പെട്ടു.