വടകര: അഴിയൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് സ്ഥിരീകരിച്ചത് ഇന്നലെ. കഴിഞ്ഞ ദിവസം നടത്തിയ 52 പേരുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ 33 പേർക്ക് പോസിറ്റീവായി. ഒരാളുടെ സ്രവ പരിശോധന വീണ്ടും നടത്തും. മാഹിയോട് ചേർന്ന് കിടക്കുന്ന രണ്ടാം വാർഡിലാണ് കൂടുതൽ രോഗികൾ. ഇവിടെ 10 പേർക്കാണ് പോസിറ്റീവായത്. മൂന്നാം വാർഡിൽ- 2, അഞ്ചാം വാർഡിൽ 5 പേർ, 6, 9, 10, 14,15 വാർഡുകളിൽ ഓരോ പേർ വീതവും പന്ത്രണ്ടാം വാർഡിൽ -3, പതിമൂന്നാം വാർഡിൽ -4, പതിനാറാം വാർഡിൽ- 4 എന്നിങ്ങനെ കൊവിഡ് സ്ഥീരികരിച്ചു. പോസിറ്റീവായതിൽ 4 കുട്ടികളാണ്. മുക്കാളിയിലെ ഹോട്ടൽ തൊഴിലാളിക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിലെ മറ്റുള്ളവർക്കും രോഗം സ്ഥിരീകരിച്ചു. അഞ്ചാം വാർഡിലെ ഒരു കുടുംബത്തിലെ 5 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാഹിയിൽ നടന്ന പരിശോധനയിൽ മൂന്നാം വാർഡിലെ മനയിൽ മുക്കിലെ ഒരു ഡോക്ടർക്കും കുടുംബത്തിനും രോഗം സ്ഥീരികരിച്ചിരുന്നു. സമ്പർക്ക സാദ്ധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് അഴിയൂർ. വാർഡ് തലത്തിൽ കൊവിഡ് ബ്രിഗേഡും, പഞ്ചായത്ത് തലത്തിൽ ഇ ആർ ടീം പ്രവർത്തിക്കുന്നു. മാഹി റെയിൽവേ സ്റ്റേഷനിൽ ചെന്നൈ മെയിൽ നിർത്തുന്നതിനാൽ സ്റ്റേഷൻ മാസ്റ്ററുമായി സംസാരിച്ച് ട്രെയിനിൽ വരുന്നവരുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സംവിധാനം ഒരുക്കാൻ പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി.