tourism

വടകര: വടകര പയങ്കുറ്റിമലയിൽ ആൾപെരുക്കം നിലച്ചിട്ട് മാസങ്ങളായി. കൊവിഡ് പിടിമുറുക്കിയതോടെ സഞ്ചാരികൾ ഉപേക്ഷിച്ചതായിരുന്നു പയങ്കുറ്റിമലയിലേക്കുള്ള വഴികൾ. എല്ലാ വഴികളും അധികൃതരും കൊട്ടിയടച്ചു. മലയിലെ മുത്തപ്പന് നിവേദ്യം മാത്രമായി. എന്നാൽ ഒക്ടോബറിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാവുമെന്ന സർക്കാർ പ്രഖ്യാപനത്തോടെ പയങ്കുറ്റി മലയിലും പ്രതീക്ഷയുടെ സൂര്യവെളിച്ചം പരന്നു തുടങ്ങി.

മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പയങ്കുറ്റിമലയിൽ നിത്യേന നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്. മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സഞ്ചാരികളെ ആകർഷിച്ചിരുന്നത് ഇവിടുത്തെ കാഴ്ചകളായിരുന്നു. പടിഞ്ഞാറോട്ട് നോക്കിയാൽ തെങ്ങിൻ തലപ്പുകൾക്ക് മുകളിൽ അറബിക്കടലും പുനത്തിൽ കുഞ്ഞബ്ദുള്ള കഥകളിലെ വെള്ളിയാംകല്ലും തെക്ക് ഭാഗത്തായി കിലോമീറ്ററുകൾക്കപ്പുറത്തെ ലൈറ്റ്‌ ഹൗസും കിഴക്ക് വയനാടൻ മലനിരകളുടെ പച്ചപ്പും മനംകുളിർക്കുന്ന കാഴ്ചകളായിരുന്നു.

വടകര താലൂക്കിൽ വില്ല്യാപ്പള്ളി പഞ്ചായത്തിലാണ് പയങ്കുറ്റിമല. വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ചര കിലോമീറ്റർ കിഴക്ക് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെത്തും. റോഡിൽ നിന്ന് ഒരു കിലോമീറ്റർ കയറ്റം കയറിയാൽ പയങ്കുറ്റിമലയായി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ടൂറിസം സെന്റർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ടോയ്‌ലറ്റ് കോംപ്ലക്സ് നിർമ്മിച്ചിരുന്നു. സ്റ്റേജ് ആന്റ് ടവർ, ഹോം റേഡിയോ സെന്റർ എന്നിവയും ഇവിടെ സജ്ജമാണ്. ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ വകയിരുത്തിയ രണ്ടര കോടി രൂപ ചെലവിൽ ആരംഭിച്ച പലതരം നിർമ്മാണ പ്രവൃത്തികൾ കൊവിഡിൽ തടസപ്പെട്ടെങ്കിലും നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ തുടങ്ങിയതായി രാജൻ പറഞ്ഞു. മലയോട് ചേർന്ന് വ്യൂ പോയിന്റ്, ദീപാലങ്കാരം, മലകയറി എത്തുന്നവർക്ക് ഇരിപ്പിടം, കഫ്റ്റേരിയ, ഗ്രൗണ്ട് നവീകരണം, നടപ്പാതയോടു ചേർന്നുള്ള റോഡ് നവീകരണം എന്നീ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ഡിസംബർ 19 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. ഒക്ടോബറിൽ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള നടപടി പുരോഗമിക്കുന്നതിനൊപ്പം പയങ്കുറ്റിമലയിലേക്കുമുള്ള വഴിയും തുറക്കപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷ.