കോഴിക്കോട്: ആശുപത്രികൾചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവർത്തകൻ എൻ.സി മുഹമ്മദ് ശരീഫ് -ഷഹ്‌ല തസ്‌നി ദമ്പതികൾക്കാണ് ആശുപത്രികളുടെ ദുർവാശികാരണം ഇരട്ടക്കുഞ്ഞുങ്ങൾ നഷ്ടമായത്. ഷഹ്‌ലയ്ക്ക് കൊവിഡ് നെഗറ്റീവായിട്ടും കൊവിഡ് രോഗികൾക്കേ ചികിൽസയുള്ളൂവെന്ന് മഞ്ചേരി മെഡിക്കൽ കോളേജും നേരത്തെ കൊവിഡ് ഉണ്ടായതിനാൽ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും നിലപാടെടുക്കുകയായിരുന്നു.
കൊവിഡിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്ന ആശുപത്രികളുടെ നിലപാട് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. സംഭവത്തെക്കുറിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനും ആരോഗ്യവകുപ്പ് തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ് രാകേഷും ആവശ്യപ്പെട്ടു.