കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഉടൻ നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് എം.ഡി.എഫ് ആക്ഷൻ കൗൺസിൽ ചെയർമാൻ ടി.വി ഇബ്രാഹിം എം. എൽ. എ ആവശ്യപ്പെട്ടു. എയർ ഇന്ത്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് നല്‍കിയ പ്രാഥമിക സഹായം സിവിൽ വ്യോമയാന മന്ത്രി പ്രഖ്യാപിച്ച അടിയന്തര സഹായത്തിൽ ഉൾപ്പെടുത്തിയതാണോ എന്നത് ഉറപ്പ് വരുത്തണം. ഇൻഷുറൻസ് തുക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയതായാണ് അറിയുന്നത്. എന്നാൽ അത് എന്നു ലഭിക്കുമെന്നതിൽ വ്യക്തതയില്ല. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവിന്റെ കാലതാമസം ഒഴിവാക്കുകയും ഇൻഷുറൻസ് തുക കോടതി വ്യവഹാരങ്ങളിലേക്ക് പോകാതെ മോണ്ട്രിയാൽ കൺവെൻഷൻ നിയമം അനുസരിച്ച് ഇരകൾക്ക് ലഭ്യമാക്കണം.യാത്രക്കാരുടെ കിട്ടാനുള്ള ലഗേജിനെ കുറിച്ചും അതിന്റെ ഇൻഷുറൻസിനെ പറ്റിയും വ്യക്തത വരുത്തണം. നഷ്ടപ്പെട്ടതും കേടുപാടുകൾ വന്നതുമായ യാത്രക്കാരുടെ പാസ് പോർട്ടുകൾ മാറ്റി നല്‍കാൻ നടപടിയുണ്ടാവണം. വാർത്താസമ്മേളനത്തിൽ പാട്രൺ യു.എ നസീർ, വർക്കിംഗ് ചെയർമാൻ എസ്.എ അബൂബക്കർ, ജനറൽ കൺവീനർ ആഷിഖ് പെരുമ്പാൽ തുടങ്ങിയവർ പങ്കെടുത്തു.