kozhikode-

കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ സ്‌നേഹസ്പർശം പദ്ധതിയിലൂടെ വൃക്ക, കരൾ മാറ്റിവെച്ചവർക്കുള്ള സൗജന്യ മരുന്നുകൾ ഒക്ടോബർ മുതൽ വീട്ടിലെത്തിക്കും. കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലുള്ള പദ്ധതി ഗുണഭോക്താക്കൾ മരുന്നിനായി നഗരത്തിലെത്തുന്നത് ഒഴിവാക്കാനാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ചേർന്ന് തീരുമാനം എടുത്തത്. ഗുണഭോക്താക്കളുടെ പൂർണ വിവരങ്ങൾ അടങ്ങിയ മരുന്നു പാക്കറ്റുകൾ അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന ആർ.ആർ.ടി വോളണ്ടിയർമാർ സ്‌നേഹസ്പർശം ഓഫീസിൽ നിന്ന് ശേഖരിച്ച് ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. ഇതുസംബന്ധിച്ച നിർദ്ദേശം ജില്ലയിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും അയച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. ലഭിക്കാത്തവർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. 2013മുതൽ സ്‌നേഹസ്പർശത്തിലൂടെ വൃക്ക മാറ്റിവെച്ചവർക്ക് സൗജന്യമായി എല്ലാമാസവും ജില്ലാപഞ്ചായത്ത് മരുന്നു നൽകുന്നുണ്ട്. കരൾ മാറ്റിവെച്ചവരേയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. 15 ലക്ഷത്തിലേറെ വില വരുന്ന മരുന്നുകളാണ് ഓരോ മാസവും നൽകുന്നത്. കൂടാതെ 1300 ഓളം ഗുണഭോക്താക്കൾക്ക് ഡയാലിസിസിനായി ധനസഹായം, മൂന്ന് സൈക്കാട്രി ക്ലിനിക്കുകൾ, കെയർസെന്റർ എന്നിവ വെറെയുമുണ്ട്. വർഷത്തിൽ നാലുകോടിയോളം രൂപ പദ്ധതിയിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാപഞ്ചായത്ത് ജനങ്ങളിൽ എത്തിക്കുന്നുണ്ട്.