കോഴിക്കോട്: കൊയിലാണ്ടിയുടെ വികസന മുഖത്തിന് പുത്തനുണർവ് പകർന്ന് മത്സ്യബന്ധന തുറമുഖം ഒക്ടോബർ ഒന്നിന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടി അമ്മ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയാകും. മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, കെ.മുരളീധരൻ എം.പി, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഹാർബർ നിർമ്മാണത്തിനായി 63.99 കോടി രൂപയാണ് വിനിയോഗിച്ചത്. 2006ലാണ് പദ്ധതിക്ക് തറക്കല്ല് പാകിയത്. പുലിമുട്ടുകളുടെ നീളത്തിൽ കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണിത്. തെക്കേ പുലിമുട്ടിന് 915 മീറ്റർ നീളവും വടക്ക് ഭാഗത്ത് 1600 മീറ്റർ നീളവുമുണ്ട്.
പുലിമുട്ടുകൾ, വാർഫുകൾ, ലേലപ്പുരകൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, അഴുക്കുചാലുകൾ, ജലലഭ്യത, പാർക്കിംഗ് സൗകര്യങ്ങൾ, കടമുറികൾ തുടങ്ങിയ പ്രവൃത്തികളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു. ഡീസൽ ബങ്കിന്റെ പ്രവൃത്തി 50 ശതമാനം പൂർത്തിയായി. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. ഹാർബർ പ്രവർത്തനക്ഷമമാകുന്നതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് നേരിട്ടും മത്സ്യ വ്യാപാരം, സംസ്‌ക്കരണം, കയറ്റുമതി തുടങ്ങി നിരവധി മേഖലകളിലെ പതിനായിരങ്ങൾക്കും തൊഴിൽ ലഭിക്കും.