ബാലുശ്ശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ബ്ലോക്ക്, പഞ്ചായത്ത്, കൃഷി ഭവൻ എന്നിവയുടെ നേതൃത്വത്തിൽ തത്തമ്പത്ത്- താക്കോട്ട് കാർഷിക കൂട്ടായ്മയുടെ കരനെൽക്കൃഷി കൊയ്ത്തുത്സവം നടത്തി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.ബി. സബിത അദ്ധ്യക്ഷത വഹിച്ചു. സുധാ ഉണ്ണിക്കൃഷ്ണന്റെ അഞ്ച് ഏക്കർ തരിശുനിലത്താണ് കൃഷിയിറക്കിയത്. നൂറു മേനി വിളവ് നൽകിയ രക്തശാലി, ബ്ലാക്ക് ജാസ്മിൻ, ഉമ എന്നീ നെൽവിത്തുകളാണ് കൃഷി ചെയ്തത്. ഇടവിളയായി ചേന, ചേമ്പ്, കപ്പ, മഞ്ഞൾ, ഇഞ്ചി, വാഴ എന്നിവയുമുണ്ട്.
ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ, ജൈവ വളങ്ങൾ, കാർഷികോപകരണങ്ങൾ, തൊഴിലാളികളുടെ സേവനം എന്നിവ കാർഷിക കൂട്ടായ്മയിലൂടെ കൃഷിഭവന്റെ സഹായത്തോടെ കർഷകർക്ക് ലഭ്യമാക്കാനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എൻ അശോകൻ, കൃഷി അസിസ്റ്റന്റ് കെ.എൻ ഷിനിജ, വി.പി.അനിൽകുമാർ, വിജയൻ കടേക്കൽ, വികാസ് കോടിയേരി, ബിജു കുപ്പേരി, ഗോകുൽ എന്നിവർ സംസാരിച്ചു. കെ.ഭരതൻ സ്വാഗതവും ടി.പി. മനോജ് കുമാർ നന്ദിയും പറഞ്ഞു.