മുക്കം: സ്റ്റെതസ്കോപ്പുമായി ഡോക്ടർ ചടഞ്ഞെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ടു വിരുതന്മാരെ മുക്കം പൊലീസ് പിടികൂടി. ശനിയാഴ്ച മുക്കം അങ്ങാടിയിലെ ഒരു സ്ഥാപനത്തിൽ സീൽ നിർമ്മിക്കാൻ ഓർഡർ നൽകുന്നതിനെത്തി അവിടെ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും രാത്രി തട്ടുകടയിൽ നിന്ന് മറ്റൊരു ഫോണും മോഷിച്ച് കടന്നു കളഞ്ഞ ചാത്തമംഗലം വേങ്ങേരിമഠം വഴക്കാലയിൽ ബബിചെക്കൻ എന്ന ബബിൻ(20), ചാത്തമംഗലം ചോയിമഠത്തിൽ ഷാഹുൽദാസ്(24) എന്നിവരെയാണ് ഞായറാഴ്ച മുക്കം പൊലീസ് പിടികൂടിയത്. മുക്കത്തും പരിസരങ്ങളിലുമുള്ള വിവിധ സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വിവിധ സ്ഥലങ്ങളിൽ നിന്നും മോഷ്ടിച്ച പത്തോളം മൊബൈൽ ഫോണുകൾ ഇവരിൽ നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികൾ മയക്കു മരുന്നുവിൽപ്പന സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിലൊരാളായ ബബിൻ കോഴിക്കോട് മെഡിക്കൽ കോളേജ്, കുന്നമംഗലം, തിരുവമ്പാടി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിൽ പൊലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകളിലും മലപ്പുറം ജില്ലയിൽ കഞ്ചാവു കടത്തിയതടക്കമുള്ള കേസുകളിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു. മുക്കം ഇൻസ്‌പെക്ടർ ബി.കെ. സിജുവിന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ. കെ. ഷാജിദ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത്, സിഞ്ചിത്ത്, സുഭാഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.