നാദാപുരം: സർവകക്ഷി യോഗ തീരുമാനത്തിന് വിരുദ്ധമായി കല്ലാച്ചിയിലും നാദാപുരത്തും കടകൾ തുറന്നു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇരു ടൗണുകളിലെയും കച്ചവടക്കാരും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും പരിശോധനയ്ക്ക് എത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും ഞായറാഴ്ച നടന്ന പരിശോധനയിൽ 60 പേർ മാത്രമാണ് പങ്കെടുത്തത്.
കല്ലാച്ചി ടൗണിലെ ചില വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇരു ടൗണുകളെയും കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ നാദാപുരം, കല്ലാച്ചി ടൗണുകൾ പൂർണ്ണമായും അടച്ചിട്ടിരുന്നു. അടച്ചിടലിനെതിരെ വ്യാപാരികൾ പ്രതിഷേധിച്ചതോടെ പഞ്ചായത്തും പൊലീസും ഇടപെട്ട് ശനിയാഴ്ച സർവകക്ഷി യോഗം വിളിച്ചിരുന്നു. വ്യാപാരികളെ പരിശോധനയ്ക്ക് വിധേയമാക്കാൻ യോഗത്തിൽ തീരുമാനമെടുത്തിരുന്നെങ്കിലും 60 പേർ മാത്രമാണ് പങ്കെടുത്തത്. ഞായറാഴ്ച അവധിയായതിനാലാണ് ആളുകൾ കുറഞ്ഞതെന്നാണ് വ്യാപാരി നേതാക്കൾ പറയുന്നത്. എന്നാൽ തിങ്കളാഴ്ച മുഴുവൻ കടകളും തുറന്നിട്ടും ഒരാൾ പോലും പരിശോധനയിൽ പങ്കെടുക്കാത്തത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.