കോഴിക്കോട്: മലപ്പുറം കിഴിശ്ശേരി സ്വദേശിയായ പൂർണഗർഭിണിയ്ക്ക് ചികിത്സ ലഭിക്കാതെ ഇരട്ടക്കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉറപ്പാക്കണമെന്ന് ബി.ഡി.ജെ.എസ് സൗത്ത് മണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയൽ എത്തിച്ച യുവതിയ്ക്ക് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു. പിന്നീട് കോട്ടപ്പറമ്പ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ഇതേ ദുരനുഭവം നേരിട്ടു. പിന്നീട് വൈകിട്ട് ആറിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതോടെയാണ് പരിശോധനയ്ക്ക് വിധേയയാക്കിയത്. ശസ്‌ത്രക്രിയ നടത്തിയെങ്കിലും ജീവൻ പൊലിഞ്ഞ നിലയിലായിരുന്നു ഇരട്ടക്കുഞ്ഞുങ്ങൾ. ചികിത്സാരംഗത്ത് ലോകത്തിന് തന്നെ മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഈ ദാരുണസംഭവം.
സർക്കാരിൻറെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയതോടെ ഗുരുതര പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ആരോഗ്യ പ്രവർത്തകരുടെ കുറവും വെൻറിലേറ്ററുകളുടെ അപര്യാപ്തതയും കാരണം കൊവിഡ് മരണങ്ങൾ അനുദിനം കൂടുകയാണ്.
യോഗം ബി.ഡി.എം.എസ് ജില്ലാ സെക്രട്ടറി രഗിഷ മനോജ് ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം പ്രസിഡൻറ് സതീഷ്കുമാർ അയനിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻറ് സെക്രട്ടറി ഉണ്ണികൃഷ്ണൻ കരിപ്പാലി മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി രാജേഷ് പി.മാങ്കാവ്, മണ്ഡലം വൈസ് പ്രസിഡൻറ് പത്മകുമാർ ജി.മേനോൻ, ട്രഷറർ ജനാർദ്ദനൻ, മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ കോവൂർ, ദീപ രാജേഷ് രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.