സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി പട്ടണത്തിൽ കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി വരച്ച സീബ്രാ ലൈനുകൾ മാഞ്ഞു. ഇതോടെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർ അപകടഭീഷണിയിലാണ്. ആറ് മാസം മുമ്പ് പട്ടണത്തിലെ റോഡ് ടാറിംഗ് നടത്തിയപ്പോൾ മാഞ്ഞുപോയതാണ് സീബ്രാ ലൈൻ എന്നാൽ പിന്നീട് സീബ്രാ ലൈൻ വരക്കാൻ അധികൃതർ തയ്യാറായിട്ടില്ല.ബത്തേരി പട്ടണത്തിൽ ഒമ്പതിടത്താണ് ആളുകൾക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി സീബ്രാ ലൈൻ വരച്ചിരുന്നത്. സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ പറ്റിയത് സീബ്രാലൈനിലൂടെയാണെന്ന് കണ്ട് കാൽനടയാത്രക്കാർ ഇപ്പോഴും നേരത്തെ സീബ്രാ ലൈൻ ഉണ്ടായിരുന്നതിലൂടെ തന്നെയാണ് റോഡ് മുറിച്ചു കടക്കുന്നത്. റോഡിന് കുറുകെ സീബ്രാ ലൈൻ കാണാത്തതിനാൽ വാഹന ഡ്രൈവർമാർ വണ്ടിയുടെ വേഗത കുറക്കാതെ തന്നെ മുന്നോട്ട് എടുക്കും. ഇത് പലപ്പോഴും അപകടത്തിനിടയാക്കുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ റോഡ് മുറിച്ചുകടന്ന ഒരു സ്ത്രീക്ക് വാഹനം ഇടിച്ച് പരിക്കേൽക്കുകയുണ്ടായി. സീബ്രാ ലൈനിന്റെ സമീപത്തായി മുന്നറിയിപ്പ് ബോർഡ് പോലും ഇല്ല.
കോടതി പരിസരം, അസംപ്ഷൻ ജംഗ്ഷൻ,മുൻസിപ്പൽ ഓഫീസിന് മുൻവശം, ട്രാഫിക് ജംഗ്ഷനിൽ രണ്ടിടങ്ങൾ, ചുങ്കം, ഊട്ടി റോഡ് പുതിയ ബസ്റ്റാന്റിന് മുൻവശം, മൈസൂർ റോഡ് ജംഗ്ഷൻ, കോട്ടക്കുന്നു എന്നിവിടങ്ങളിലായാണ് സീബ്രാ ലൈൻ ഉണ്ടായിരുന്നത്. ടാറിംഗ് പ്രവർത്തിയിൽ സീബ്രാ മാഞ്ഞുപോയതേടെ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാർ ഡ്രൈവർമാരുടെ കനിവ് കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നത്. യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിനായുള്ള സീബ്രാ ലൈൻ മാഞ്ഞുപോയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ദേശിയ പാത നിരത്ത് വിഭാഗം റോഡിൽ ലൈൻ വരക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഒരു ലെയർ ടാറിംഗ് കൂടി നടക്കാനുണ്ടെന്ന കാരണമാണ് പറയുന്നത്.