ഒന്നുകിൽ ആൻജിയോപ്ലാസ്റ്റി; അതല്ലെങ്കിൽ ശസ്ത്രക്രിയ. ഹൃദയ ചികിത്സ പൂർണമാവാൻ ഇതേ വഴിയുള്ളൂവെന്ന സിദ്ധാന്തത്തോടു ഒട്ടും യോജിപ്പില്ല കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. കെ കുഞ്ഞാലിയ്ക്ക്. വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, ഈ 'അലിഖിത' സിദ്ധാന്തം തിരുത്തിക്കുറിക്കുന്ന 'ലോക റെക്കോഡ് " സൃഷ്ടിച്ചതിന്റെ ക്രെഡിറ്റുമുണ്ട് ഈ വിഖ്യാത ഭിഷഗ്വരന്റെ പേരിൽ.
വേറിട്ട ചികിത്സാരീതിയിലൂടെ ഹൃദയങ്ങൾ തൊട്ടറിയുകയാണ് കോഴിക്കോട് മലബാർ ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റായ ഡോ.കെ.കുഞ്ഞാലി. കൃത്യമായ മരുന്നിലൂടെയും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റത്തിലൂടെയും രോഗിയുടെ ഹൃദയധമനിയിലെ തടസ്സം നൂറു ശതമാനവും നീക്കാനാവുമെന്ന് ഇദ്ദേഹത്തിനു തെളിയിക്കാനായതിനു കാരണവും മറ്റൊന്നല്ല.
ആൻജിയോപ്ലാസ്റ്റിയല്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ മാത്രമെ ഹൃദയചികിത്സ കുറ്റമറ്റതാവൂ എന്നു പല വിദഗ്ദരും വിധി എഴുതിയ ഒരു രോഗിയുടെ കാര്യത്തിലാണ് ഡോ.കുഞ്ഞാലി വേറിട്ട ചികിത്സയ്ക്ക് മുതിർന്നത്. കൊഴുപ്പ് അടിഞ്ഞുകൂടി അടഞ്ഞിയ ഹൃദയധമനി പൂർണമായും പൂർവസ്ഥിതിയിലാക്കിയതോടെ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ലോകശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു ഇദ്ദേഹം. ഈ ദിശയിൽ പരിശ്രമം വിടാതെ തുടരുന്നതുവഴി നിരവധി രോഗികൾക്ക് ആശ്വാസമേകുകയാണ് കാസർകോട്ടെ ഒരു കുഗ്രാമത്തിൽ നിന്ന് കന്നഡ മീഡിയത്തിൽ പഠിച്ച് ഏറെ ഉയരങ്ങളിലെത്തിയ ഡോ.കുഞ്ഞാലി.
ഹൃദ്റോഗബാധിതനായ 39-കാരൻ 2010-ലാണ് ഡോ. കുഞ്ഞാലിയെ തേടിയെത്തിയത്. കോയമ്പത്തൂരിലെ ആശുപത്രിയിൽ നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ ഈ രോഗിയുടെ ഇടത് ഹൃദയധമനി (ലെഫ്റ്റ് ആന്റീരിയർ ഡിസെൻഡിംഗ് ആർട്ടറി) 90 ശതമാനംവരെ അടഞ്ഞതായി കണ്ടെത്തിയിരുന്നു. ആൻജിയോപ്ലാസ്റ്റി നിർദ്ദേശിച്ചെങ്കിലും തുടർചികിത്സയ്ക്കൊരുങ്ങാതെ രോഗി ആശുപത്രി വിട്ടു. പിന്നീട് പിന്നീട് ഡോ. കുഞ്ഞാലിയുടെ അടുത്തെത്തുകയായിരുന്നു.
പത്തു ദിവസത്തെ ചികിത്സയ്ക്കു ശേഷം രോഗലക്ഷണങ്ങൾ മാറി. വൈകാതെ ജോലിസ്ഥലമായ ജിദ്ദയിലേക്ക് അദ്ദേഹം മടങ്ങി. നിർദേശിച്ച മരുന്നും ഭക്ഷണ, വ്യായാമക്രമങ്ങളും തുടർന്നു. ശേഷം യുവാവ് ആൻജിയോഗ്രാം ചെയ്തപ്പോൾ ഹൃദയധമനി 50 ശതമാനം തുറന്നതായി വ്യക്തമായി. വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ബ്ലോക്ക് നൂറു ശതമാനവും നീങ്ങിയതായി കണ്ടെത്തുകയായിരുന്നു.വൈദ്യശാസ്ത്ര രംഗത്തെ ആധികാരിക പ്രസിദ്ധീകരണമായ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ (ബി.എം.ജെ) 2019 നവംബർ 27 ന്റെ പതിപ്പിൽ ഡോ. കുഞ്ഞാലിയുടെ ഈ കേസ് ഡയറി പ്രസിദ്ധീകരിച്ചതോടെയാണ് ഇദ്ദേഹത്തിന്റെ ചികിത്സാരീതി ലോകശ്രദ്ധ ആകർഷിച്ചത്.
@ ആദ്യം പരിഹാസം; പിന്നെ അംഗീകാരം
കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്ത കാലത്തെ അനുഭവങ്ങളിൽ നിന്നാണ്
നല്ലൊരു പങ്ക് ഹൃദ്റോഗികൾക്കും ആൻജിയോപ്ലാസ്റ്റിയോ, ശസ്ത്രക്രിയയോ ആവശ്യമില്ലെന്ന് ഡോ.കുഞ്ഞാലി തിരിച്ചറിഞ്ഞത്. പിന്നീട് പല ആശുപത്രികളിൽ ജോലി ചെയ്യുമ്പോഴും ഇദ്ദേഹത്തിന്റെ ഈ ചികിത്സാരീതിയുടെ നേരെ പരിഹാസമായിരുന്നു ഇതേ മേഖലയിലെ മിക്കവർക്കും. പലപ്പോഴും രോഗികളിൽ പലർക്കും വൻതുക ചെലവാക്കാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് കൂടുതൽ പഠന - ഗവേഷണത്തിലേക്ക് ഡോ.കുഞ്ഞാലി തിരിച്ചറിഞ്ഞത്. ആൻജിയോപ്ലാസ്റ്റിയോ, ശസ്ത്രക്രിയയോ കഴിഞ്ഞ രോഗികളെക്കാൾ കൂടുതൽ കാലം ജീവിക്കുന്നത് മരുന്ന് ചികിത്സയ്ക്ക് വിധേയരായവരാണെന്ന് അദ്ദേഹം കണ്ടെത്തി. തുടക്കത്തിൽ അദ്ദേഹത്തിന്റെ ചികിത്സാരീതികളെയും നിഗമനങ്ങളെയും ഹൃദ്രോഗവിദഗ്ധർ പലരും ചിരിച്ചുതള്ളുകയായായിരുന്നു. പക്ഷേ, ക്രമേണേ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശരിയെന്ന് അംഗീകരിക്കപ്പെടുകയായിരുന്നു.
@ ചികിത്സാരീതി
ഒപ്റ്റിമൽ മെഡിക്കൽ ട്രീറ്റ്മെന്റ് (ഒ.എം.ടി) എന്ന ചികിത്സാരീതിയിൽ ഭക്ഷണശീലത്തിലെ മാറ്റം, യോഗ, വ്യായാമം, മനഃശാസ്ത്ര കൗൺസലിംഗ് ഇവയെല്ലാം ഉൾപ്പെടും. 24 വർഷമായി ഡോ. കുഞ്ഞാലി പിന്തുടരുന്നത് ഇതാണ്.
രോഗികളെ പരിശോധനയ്ക്ക് വിധേയരാക്കിയശേഷം പത്തു ദിവസം ആശുപത്രിയിൽ കിടത്തും. ഭക്ഷണരീതിയിൽ എത്രമാത്രം ശ്രദ്ധിക്കണം, ഏതൊക്ക വ്യായാമം ചെയ്യാം തുടങ്ങിയവയെല്ലാം രോഗികളെ പഠിപ്പിക്കും.ഇതോടൊപ്പം കൃത്യമായ അളവിൽ ശരിയായ മരുന്നുകളും നൽകും. ഓരോ രോഗിയ്ക്കും എത്രമാത്രം തൂക്കം, ഹൃദയമിടിപ്പ്, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയവ വേണമെന്ന് നിശ്ചയിക്കും.ചികിത്സ തുടങ്ങുന്നതോടെ തന്നെ രോഗിയുടെ അടഞ്ഞ രക്തക്കുഴലുകൾ മെല്ലെ തുറക്കാൻ തുടങ്ങിയിരിക്കും. കൃത്യമായി വ്യായാമം ചെയ്യാനാരംഭിക്കുന്നതോടെ പുതിയ രക്തക്കുഴലുകൾ (കൊളാറ്ററൽ സർക്കുലേഷൻ) രൂപപ്പെടുകയും ചെയ്യും.
@ കേരള ഹാർട്ട് കെയർ സൊസെെറ്റി
എല്ലാ ഹൃദ്റോഗികൾക്കും ആൻജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ ആവശ്യമില്ലെന്ന സന്ദേശം ആളുകളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ 1997-ൽ ഡോ. കുഞ്ഞാലി കേരള ഹാർട്ട് കെയർ സൊസെെറ്റിയ്ക്ക് രൂപം നൽകുന്നത്. സ്കൂളുകളിൽ, നിരവധി ക്ലബ്ബുകളിൽ, അസോസിയോഷനുകളിൽ, കോളേജുകളിൽ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും അതിനുള്ള ചികിത്സാരീതികളെക്കുറിച്ചും കാമ്പയിനുകൾ നടത്തിയിരുന്നു.
@ കുടുംബം
ഭാര്യ: രഹന കുഞ്ഞാലി ( മാനേജിംഗ് ഡയറക്ടർ, റെന്ന ഇവന്റ്സ്, കൊച്ചി). മക്കൾ: അബു സുൽഫിക്
( ബിസിനസ്), അഖ്ദർ കുടേൽ, ലുലുൾ മർജാനെ