കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ തിരക്ക് കുറക്കാൻ നിർമ്മിക്കുന്ന ബൈപാസ് റോഡ് അലെയ്ൻമെന്റ് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ. വലിയ പുഴ പാലത്തിനടുത്ത് നിന്ന് ആരംഭിച്ച് വടകര റോഡിൽ കടേക്ക ചാലിലെത്തുന്ന ബൈപാസ് റോഡ് കുറ്റ്യാടി ഗവ.ഹൈസ്കൂളിനടുത്ത് പുലയൻകണ്ടി ഭാഗത്ത് നിന്ന് വളഞ്ഞ് പോകുന്ന വിധത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പുതിയ അലെയ്ൻമെന്റ് പ്രകാരം നിരവധിപേരുടെ കൃഷിയിടം ഇല്ലാതാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നേരത്തെ നിശ്ചയിച്ച അലെയ്ൻമെന്റിൽ
വീടിന് അടുത്ത് നിന്ന്പന്ത്രണ്ട് മീറ്റർ ദൂരെയാണ് റോഡ് വരുന്നതെങ്കിൽ പുതിയതിൽ നാല് മീറ്ററായി ചുരുങ്ങുമെന്ന് പ്രദേശവാസിയായ വാഴയിൽ വളപ്പിൽ രാജൻ പറയുന്നു.
പൂവത്തിങ്കൽ കുഞ്ഞമ്മദ്, കല്ലാറ കുഞ്ഞമ്മദ്കുട്ടി, പുലയൻകണ്ടി സാറ, ചെറുവോട്ട് ഹാജറ, പുതുപ്പറ്റ ആസ്യ, പുതുപ്പറ്റ സെറിന തുടങ്ങിയവരുടെ തെങ്ങ്, കവുങ്ങ് മറ്റ് കാർഷിക വിളകൾ കൃഷി ചെയ്തുവരുന്ന
ഭൂമി പൂർണ്ണമായും വെട്ടിമുറിച്ചായിരിക്കും റോഡ് കടന്ന് പോകുക. നേരത്തെ മത്തത്ത് താഴതോടിനോട് ചേർന്ന ഭാഗത്ത് സർവേ നടത്തിയിരുന്നു. കുറ്റ്യാടി പുഴയോര പ്രദേശമായതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്നത് സാധാരണമാണ്. റോഡ് ഉയർന്നാൽ വെള്ളപ്പൊക്ക സാദ്ധ്യത കൂടുമെന്നാണ് നാട്ടുകാർ പറയുന്നത്. പുതിയ അലെയ്മെന്റിൽ പുലയൻ കണ്ടിഭാഗത്തെ വളവ് നിവർത്തിയാൽ ഭൂമി വെട്ടിമുറിക്കേണ്ടി വരില്ലെന്നും റോഡിലെ വലിയ വളവ് ഒഴിവാക്കുകയും ചെയ്യാമെന്ന് സ്ഥലമുടമകൾ പറയുന്നു. കൃഷിയിടം നശിപ്പിച്ച് ബൈപാസ് നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അധികാരികളോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ പരിഹാരമൊന്നുമുണ്ടായിട്ടില്ല.