വടകര:ഹാജിയാർ പള്ളിയിൽ ഇന്നലെ നടത്തിയ 102 പേരുടെ ആന്റിജൻ പരിശോധനയിൽ അഴിയൂർ ഗ്രാമപഞ്ചായത്തിലെ 12 പേർക്കും ഒഞ്ചിയം പഞ്ചായത്തിലെ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരിയിൽ നടത്തിയ പരിശോധനയിൽ പതിനഞ്ചാം വാർഡിലെ 25കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഴിയൂർ കെ.എസ്.ഇ.ബിയിലെ നാലുപേർക്കാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്. രണ്ടാം വാർഡിൽ രണ്ട് പേർ, എട്ടാം വാർഡിൽ ഒരാൾ, പത്താം വാർഡിൽ രണ്ട് പേർ, പതിനൊന്നാം വാർഡിൽ രണ്ട് പേർ, പതിനാലാം വാർഡിൽ മൂന്ന് പേർ, പതിനഞ്ചാം വാർഡിൽ രണ്ട് പേർ എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവർ. സമ്പർക്ക വ്യാപനം തടയുന്നതിന് കൊവിഡ് ബ്രിഗേഡുമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പഞ്ചായത്തിലെ രണ്ടാം വാർഡ് പൂർണമായും അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. 10, 13, 14, 15, 16 വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പോസിറ്റീവ് കേസുകളുണ്ടായ 8 ,11 വാർഡുകളിലും നിയന്ത്രണം കർശനമാക്കി.