മുക്കം: മലയോര മേഖലയിൽ മുക്കത്തും പരിസരത്തും കൊവിഡ് വ്യാപിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. മുക്കം നഗരസഭയിലും കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലും പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇതിനിടെ ഇന്നലെ രാവിലെ കൊടിയത്തൂർ തേനങ്ങപറമ്പിലെ വാളേപാറ ജബ്ബാറിന്റെ ഭാര്യ നഫീസ(49) കോഴിക്കോടു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു.

കൊടിയത്തൂർ യു.പി സ്കൂളിൽ ചൊവ്വാഴ്ച 95 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 10,14 വാർഡുകളിൽ നിന്നുള്ള രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാൾ മത്സ്യക്കച്ചവടക്കാരനാണ്. കൊടിയത്തൂരിൽ കൊവിഡ് പോസിറ്റീവാകുന്ന നാലാമത്തെ മത്സ്യക്കച്ചവടക്കാരനാണ് ഇയാൾ. മത്സ്യ കച്ചവടക്കാർക്കാവട്ടെ സ്ത്രീകൾ ഉൾപ്പെടെ പല ആളുകളുമായും വിപുലമായ സമ്പർക്കമാണുണ്ടാവുന്നത്.

കാരശ്ശേരി പഞ്ചായത്തിൽ ഇന്നലെ ആറു പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവിടെ രോഗവ്യാപാനം രൂക്ഷമാണെന്നും ദിനംപ്രതി ശരാശരി 10 പേർ വീതം രോഗികളായി മാറുന്ന സ്ഥിതിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് പറഞ്ഞു. പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ജീവനക്കാരനുമായി സമ്പർക്കമുണ്ടായ പഞ്ചായത്തംഗങ്ങളടക്കമുള്ളവർ നിരീക്ഷണത്തിൽ പോകാനും ഓഫീസ് താത്കാലികമായി അടയ്ക്കാനും തീരുമാനിച്ചു.

മുക്കം അങ്ങാടിയിൽ പ്രവർത്തിക്കുന്ന കാരശ്ശേരി സൂപ്പർ മാർക്കറ്റിൽ മൂന്നു ജോലിക്കാർക്ക് രോഗബാധ കണ്ടതോടെ സ്ഥാപനം അടച്ചു. ബസ് സ്റ്റാൻ‌ഡ് പരിസരത്തെ സ്റ്റുഡിയോയിൽ രണ്ടാമത് ഒരാൾക്കു കൂടി കൊവിഡ് പോസിറ്റീവ് ആയി. കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോളും ജാഗ്രത പാലിക്കുന്നതിൽ പൊതുവെ അലസത കാണിക്കുന്നതായി പരാതിയുണ്ട്. രോഗികളുമായി സമ്പർക്കമുണ്ടായവർ പോലും ടെസ്റ്റ് എടുക്കാൻ പോകുന്നതും തിരിച്ച് യാത്ര ചെയ്യുന്നതും ഓട്ടോറിക്ഷകൾ പോലുള്ള വാഹനങ്ങളിൽ യാതൊരു നിയന്ത്രണവും പാലിക്കാതെയാണ്.