കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിലെ പെരുവഴിക്കടവ് പാണ്ടിവയൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 39 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. 800 മീറ്റർ നീളമുണ്ട്. ഇത് മുഴുവനായും കോൺക്രീറ്റ് ചെയ്താണ് റോഡിന്റെ പരിഷ്കരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. 41 ലക്ഷം രൂപ ചെലവിൽ നേരത്തെ നിർമ്മിച്ച പുതിയറ മണ്ണിൽകടവ് പാലവുമായാണ് ഈ റോഡ് ബന്ധിപ്പിക്കുന്നത്. പെരുവയൽ, കുറ്റിക്കടവ് ഭാഗത്തേക്കും ചെത്തുകടവിലേക്കും എളുപ്പത്തിൽ എത്തിച്ചരാൻ ഈ റോഡ് സഹായകമാവും. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ബ്ലോക്ക് മെമ്പർ എം. സുഷമ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആശിഫ റഷീദ്, കെ. അസ്ബിജ, സി.വി. സജിത്, എം. നാരായണൻ, എൻ. മുകുന്ദൻ, എം. ശശികുമാർ, കെ. ഷാജി, ടി.എം ശിവശങ്കരൻ, മാങ്കുടി ബാലൻ സംസാരിച്ചു. റോഡിന് വേണ്ടി സ്ഥലം വിട്ടുനൽകിയ താന്നിക്കാട്ട് ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരിയുടെ കുടുംബത്തെ പി.ടി.എ റഹീം എം.എൽ.എ ആദരിച്ചു. വാർഡ് മെമ്പർ എം.എം. സുധീഷ് കുമാർ സ്വാഗതവും യു.സി. പ്രീതി നന്ദിയും പറഞ്ഞു.