സുൽത്താൻ ബത്തേരി: റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറികൂടിയ പാമ്പ് ബൈക്ക് എടുക്കാനെത്തിയ ഉടമയെ വട്ടംചുറ്റിച്ചു. സീറ്റിൽ കയറിയിരുന്ന പാമ്പ് ബൈക്ക് എടുക്കാൻ തുടങ്ങിയിട്ടും സീറ്റിൽ നിന്ന് മാറാതെ അവകാശം സ്ഥാപിച്ച പോലെ അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു.
ഉടമ ഒച്ചയുണ്ടാക്കിയതോടെ സീറ്റിൽ നിന്ന് ചാടി നേരെ വണ്ടിയുടെ ഹെഡ് ലൈറ്റ് സിസ്റ്റത്തിന്റെ ഉള്ളിലേക്ക് കയറി. എന്തൊക്കെ ചെയ്തിട്ടും ബൈക്കിന്റെയുള്ളിൽ നിന്ന് പുറത്ത് കടക്കാൻ പാമ്പ് തയ്യാറായില്ല.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ബത്തേരി നഗരത്തിലെ കോഫി ഹൗസിന് മുന്നിലെ റോഡിലായിരുന്നു സംഭവം.
റോഡരുകിൽ ബൈക്ക് പാർക്ക് ചെയ്തശേഷം തൊട്ടടുത്ത കടയിൽ പോയതായിരുന്നു ബൈക്കുകാരൻ. തിരികെ എത്തി ബൈക്ക് എടുക്കാൻ തുടങ്ങിയപ്പോഴാണ് സീറ്റ് പാമ്പ് കയ്യടക്കിയതായി കണ്ടത്. ഇത് കണ്ട മറ്റ് യാത്രക്കാരും പാമ്പിനെ ബൈക്കിനുള്ളിൽ നിന്ന് പുറത്തിറക്കാൻ പഠിച്ച പണി എല്ലാം നോക്കിയിട്ടും പുറത്ത് ചാടിയില്ല. ഒടുതിൽ ബൈക്കിന്റെ മുൻഭാഗം അഴിച്ചുമാറ്റി പാമ്പിനെ പുറത്തിറക്കി വിടാൻ ബൈക്കുടമ വർക്ക് ഷോപ്പിലേക്ക് പോയി. മണിച്ചിറ ഭാഗത്ത് നിന്ന് വന്ന ഒരു ബൈക്കിൽ നിന്നാണ് റോഡരുകിൽ പാർക്ക് ചെയ്ത ബൈക്കിലേക്ക് പാമ്പ് കയറിയത്.