കോഴിക്കോട്: ലോക്ക് ഡൗൺ ഇളവുകൾ ജനജീവിതം സാധാരണമാക്കിയെങ്കിലും കൊവിഡിൽ അടഞ്ഞുപോയ വിദ്യാലങ്ങളുടെ ലോക്കിൽ ജീവിതം കുരുങ്ങി ജില്ലയിലെ 1300 ഓളം സ്കൂൾ പാചക തൊഴിലാളികൾ. കഴിഞ്ഞ നാലുമാസമായി വേലയും കൂലിയുമില്ലാതെ ദുരിതത്തിലാണ് ഈ പാവങ്ങൾ. ജീവിക്കാൻ മാർഗമില്ലാതെ തൊഴിലുറപ്പിന് ഇറങ്ങിയ പലരും ശാരീരിക അവശതമൂലം വീട്ടിലേക്ക് ഒതുങ്ങി. ലോക്ക് ഡൗൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ കിട്ടാത്തതിന്റെ പരിഭവവും ഇവരുടെ മുഖത്തുണ്ട്.
അവധിക്കാല വേതനമായ 2000 രൂപയും ഓണ ഉത്സവ ബത്തയായ 1300 രൂപയുമാണ് ഈ കൊവിഡ് കാലത്ത് സർക്കാരിൽ നിന്ന് ലഭിച്ച സഹായം. പാചക തൊഴിലാളികൾക്ക് 50 രൂപ വീതം വർദ്ധിപ്പിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഒരു രൂപ പോലും തൊഴിലാളികൾക്ക് നാളിതുവരെയായി ലഭിച്ചിട്ടില്ല. ഇതിനായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങൾ നടത്തിയെങ്കിലും സർക്കാർ ഗൗനിച്ചില്ല.
പ്രതിസന്ധികൾ
2017ൽ സർക്കാർ പ്രഖ്യാപിച്ച കുടിശ്ചിക ഇതുവരെ ലഭിച്ചിട്ടില്ല. തൊഴിലാളികളിൽ ഭൂരിഭാഗവും മദ്ധ്യവയസ്ക്കരായതിനാൽ മറ്റ് ജോലികൾക്ക് പോവാൻ കഴിയുന്നില്ല
. "പാചക തൊഴിലാളികള്‍ക്ക് 50 രൂപ വീതം വർദ്ധിപ്പിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. വിഷയം ഉന്നയിച്ച് സമരങ്ങൾ നടത്തിയെങ്കിലും സർക്കാർ അവഗണിക്കുകയായിരുന്നു." ആ തുക കിട്ടിയാൽ തൊഴിലാളികൾക്ക് ആശ്വാസമായിരിക്കും"-.
വി.പി കുഞ്ഞികൃഷ്ണൻ, സ്‌കൂൾ പാചക തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്
"നാലുമാസമായി ജോലി ഇല്ലാതായിട്ട്. സർക്കാരിൽ നിന്ന് അടിയന്തര ധനസഹായം പോലും ലഭിച്ചിട്ടില്ല. നേരത്തെ കിട്ടാനുള്ള കുടിശ്ചിക കിട്ടിയാൽ വലിയൊരു ആശ്വാസമാവും"-.
വനജ, പാചക തൊഴിലാളി.