adiyur
ആദിയൂർ ആരോഗ്യ ഉപകേന്ദ്രത്തിൽ രാത്രി സേവനം ആവശ്യപ്പെട്ട് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കരന് നിവേദനം നൽകുന്നു

# ഭീമ ഹർജിയുമായി നാട്ടുകൂട്ടം

വടകര: മഹാമാരിയുടെ കാലത്തും ഏറാമല ആദിയൂരിലെ സാമൂഹ്യക്ഷേമ ആരോഗ്യ ഉപകേന്ദ്രം അവഗണനയുടെ ഇരുട്ടിൽ. വർഷങ്ങളോളം നോക്കുകുത്തിയായി കിടന്ന ആരോഗ്യ ഉപകേന്ദ്രം 2005ൽ പുതുക്കിപണിതെങ്കിലും വൈദ്യുതിയില്ലെന്ന കാരണത്താൽ ആഴ്ചയിൽ മൂന്ന് ദിവസം നടക്കുന്ന പ്രതിരോധ കുത്തിവെപ്പാണ് ഇപ്പോഴും പ്രധാന സേവനം. നവീകരണം കഴിഞ്ഞ് 15 വർഷമായിട്ടും വൈദ്യുതി കിട്ടിയില്ലെന്ന മുടന്തൻ ന്യായമാണ് അധികൃതർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആരോഗ്യകേന്ദ്രത്തിൽ രാത്രികാല സേവനമില്ലെന്ന് കാണിച്ച് മൂന്ന് മാസം മുമ്പ് കേരളകൗമുദി വാർത്ത നൽകിയിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ ജീവനക്കാർ ജോലി ചെയ്യാൻ മടിക്കുന്നത് മൂലം വട്ടംകറങ്ങുന്നത് പ്രദേശവാസികളാണ്. രാത്രിയിൽ നിസാര അസുഖങ്ങൾക്ക് പോലും കിലോമീറ്ററുകൾ സഞ്ചരിച്ച് ചികിത്സ തേടേണ്ട അവസ്ഥ. കൊവിഡ് വ്യാപനം തടയാൻ വഴികൾ പലതും അടച്ചിട്ടതിനാൽ പ്രദേശത്തുനിന്ന് പുറത്തെത്തുക ഏറെ ശ്രമകരം. ടാക്സി ഡ്രൈവർമാർ ഊടുവഴികളിലൂടെ കഷ്ടനഷ്ടങ്ങൾ സഹിച്ചാണ് രോഗിയുമായി നഗരത്തിലെ ആശുപത്രികളിലെത്തുന്നത്. പ്രദേശത്തിന്റെ പ്രത്യേകത കാരണം ആദിയൂരിന്റെ വടക്കും കിഴക്കും ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. മറ്റ് ദിക്കുകളിലേക്ക് എത്തണമെങ്കിൽ ചുറ്റി സഞ്ചരിക്കണം. പരാതി പറയുന്നവരോട് ഇന്ന്, നാളെ എന്ന മറുപടിയല്ലാതെ കൈയെത്തും ദൂരത്തുള്ള പോസ്റ്റിൽ നിന്ന് ഉപകേന്ദ്രത്തിൽ വൈദ്യുതിയെത്തിക്കാൻ നടപടിയൊന്നുമായിട്ടില്ല. പരാതി പറഞ്ഞ് മടുത്തതോടെ നാട്ടുകാർക്കൊപ്പം ചേർന്ന് ചെമ്പ്ര സുരേന്ദ്രൻ, ഡ്രൈവർമാരായ വാഴയിൽ ചന്ദ്രൻ ,സുരേഷ് കക്കാടംപൊയിൽ എന്നിവരുടെ നേതൃത്വത്തിൽ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കരൻ, ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ.ഉസ്മാൻ , വാർഡ് മെമ്പർ സന്തോഷ് എന്നിവർക്ക് ഭീമഹർജി നൽകിയിരിക്കുകയാണ്. അതെസമയം മൂന്നു ദിവസത്തിനകം ഉപകേന്ദ്രത്തിൽ വൈദ്യുതി എത്തിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം.