കോഴിക്കോട്: തുടർച്ചയായി ഇ പോസ് യന്ത്രങ്ങളുടെ പ്രവർത്തനത്തിൽ തകരാറു വന്നതോടെ റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് യന്ത്രത്തിൽ കൈവിരൽ പതിക്കുമ്പോൾ ഉപഭോക്താക്കളുടെ വിരലടയാളം സർവർ നിരസിക്കുകയാണ്.ഏറെ നേരം കാത്തുനിന്നിട്ടും ഫലമില്ലാത്തതിനാൽ പലയിടത്തും ജനങ്ങളും വ്യാപാരികളും തമ്മിൽ വാക്കേറ്റമുണ്ടായി. പത്തു തവണ വരെ വിരൽ പതിപ്പിച്ചാൽ മാത്രമാണ് ബയോമെട്രിക്ക് സംവിധാനത്തിൽ അടയാളം സ്വീകരിക്കുന്നതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഒരു ദിവസം ഒന്നോ രണ്ടോ കാർഡുകൾക്ക് വിതരണം നടത്തിയാൽ സർവർ നിശ്ചലമാകും. ഇത് ആവർത്തിക്കുന്നതിനാൽ ഒരു ദിവസം 16 മുതൽ 20 വരെ കാർഡുകൾക്കാണ് സാധനം വിതരണം ചെയ്യാൻ കഴിയുന്നത്. ഇ പോസ് യന്ത്രങ്ങൾ അടിക്കടി തകരാറാകുന്നതു മൂലം ഈ കൊവിഡ് കാലത്ത് ഒന്നിലേറെ തവണ റേഷൻ കടയിലെത്തേണ്ട ഗതികേടിലാണ് ജനങ്ങൾ. പലയിടത്തും സാമൂഹിക അകലവും പാലിക്കുന്നില്ല. റേഷന് പുറമെ സർക്കാർ കിറ്റ്, മുൻഗണനാ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ പി.എം.ജി.കെ.വൈ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം എന്നിവയും താളം തെറ്റിയിരിക്കുകയാണ്. ബയോമെട്രിക്ക് സംവിധാനത്തിന് പകരം ഐറീസ് സ്‌കാനർ വ്യാപാരികളെ കൊണ്ട് വാങ്ങിക്കുന്നതിനുള്ള സമ്മർദ്ദ തന്ത്രമാണെന്ന ചർച്ച വ്യാപാരികൾക്കിടയിൽ സജീവമായിട്ടുണ്ട്. നിലവിലെ സംവിധാനത്തേക്കാൾ സൗകര്യവും ഗുണകരവുമാണ് ഐറീസ് സ്‌കാനർ. എന്നാൽ ഇതിനുള്ള സാമ്പത്തിക ബാധ്യത റേഷൻ വ്യാപാരികൾ കണ്ടെത്തണമെന്നത് പ്രതിഷേധാർഹമാണെന്ന് വ്യാപാരികൾ പറയുന്നു.
' റേഷൻ വിതരണത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഉടൻ നടപടിയുണ്ടാകണം. അല്ലാത്തപക്ഷം കടയടപ്പ് സമരമുൾപ്പടെയുള്ള നടത്താനാണ് തീരുമാനം'.
ടി.മുഹമ്മദാലി, സംസ്ഥാന ജന..സെക്രട്ടറി
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ.