കൊടിയത്തൂ‌ർ: സമ്പർക്കത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. പുതിയ നിബന്ധനകൾ നാളെ പ്രാബല്യത്തിൽ വരുത്താൻ പഞ്ചായത്ത്തല പ്രതിരോധ സമിതി യോഗത്തിൽ തീരുമാനമായി.
നാളെ മുതൽ പഞ്ചായത്തിലെ എല്ലാ കടകൾക്കും രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ മാത്രമെ പ്രവർത്തനാനുമതിയൂണ്ടാവൂ. പാഴ്സൽ നൽകുന്ന റസ്റ്റോറന്റുകൾക്ക് രാത്രി എട്ട് വരെ പ്രവർത്തിക്കാം. എല്ലാ എല്ലാ കടകളിലും സാനിറ്റൈസർ ലഭ്യമാക്കിയിരിക്കണം. ഉപഭോക്താക്കൾ മാസ്ക്‌ ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും വ്യാപാരികൾ ഉറപ്പാക്കുകയും വേണം. വരുന്നവരുടെ പേര് വിവരം രേഖപ്പെടുത്തുന്ന രജിസ്റ്റർ കൃത്യമായി സൂക്ഷിച്ചിരിക്കണം.
പ്രായം ചെന്നവരും കുട്ടികളും അനാവശ്യമായി പുറത്തിറങ്ങരുത്. ആളുകൾ അങ്ങാടികളിലേക്ക് വെറുതെ ഇറങ്ങുന്ന പ്രവണത അവസാനിപ്പിക്കണം.
പനി, ചുമ, തൊണ്ടവേദന തുടങ്ങിയവയുള്ളവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ മടിക്കരുത്. വിവരം വാർഡ് ആർ.ആർ.ടി മാരെയോ ആരോഗ്യ പ്രവർത്തകരെയോ ആശാ വർക്കർമാരെയോ അറിയിക്കുകയും ചെയ്യണം.
വാർഡ് ആർ.ആർ.ടി മാരുടെ പ്രവർത്തനം ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രാധാകഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.നൗഷാദ്, മുക്കം ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ ഹസൈൻ, ചെയർമാൻ കെ.പി.ചന്ദ്രൻ, മെമ്പർ കെ.വി.അബ്ദുഹ്‌മാൻ, നിസാർ കൊളായ്, വി.സി.അച്ചുതൻ, ജോണി ഇടശ്ശേരി, റൂബി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.സന്തോഷ് സ്വാഗതം പറഞ്ഞു.