പേരാമ്പ്ര: പേരാമ്പ്രയിൽ കൊവിഡ് ആന്റിജൻ പരിശോധന കാര്യക്ഷമമാക്കുന്നു. കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിൽ 83 പേർക്ക് നടത്തിയ സ്രവ പരിശോധനയിൽ 24 പേർക്ക് പോസി​റ്റീവായി. അഞ്ച് പേർ പുനഃപരിശോധന നടത്തണം. ചെറുവണ്ണൂർ, കൂത്താളി, ചക്കിട്ടപാറ പഞ്ചായത്തുകളിലുള്ള 3 പേർ വീതവും നൊച്ചാട് പഞ്ചായത്തിലെ 2 പേർക്കും, മേപ്പയ്യൂർ, നടുവണ്ണൂർ, കായണ്ണ, അരിക്കുളം പഞ്ചായത്തുകളിൽ ഓരോ ആൾക്ക് വീതവും രോഗം സ്ഥിരീകരിച്ചപ്പോൾ പേരാമ്പ്രയിൽ 9 പേർക്കാണ് രോഗം കണ്ടെത്തിയത്. ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 8 പേർക്ക് പോസി​റ്റീവായി. 7 പേർ ചങ്ങരോത്ത് സ്വദേശിയും ഒരാൾ കായക്കൊടിയിലെ അന്യ സംസ്ഥാന തൊഴിലാളിയുമാണ്. പാലേരിയിൽ ടൈലർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഇയാൾക്ക് ഫ്രൂട്ട്‌സ് കട, പച്ചക്കറി കട, പൊടിമിൽ എന്നിവിടങ്ങളിൽ സമ്പർക്കമുള്ളതായി കരുതുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ചിലർ തയ്യാറാകാത്തത് കൃത്യമായ സമ്പർക്ക പട്ടിക തയ്യാറാക്കാൻ ആരോഗ്യ വകുപ്പിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഗ്രാമങ്ങളിൽ വാട്ട്‌സ് ആസാപ്പ് ഗ്രൂപ്പുകളും ജാഗ്രത സദസും നടത്തി ഇടപെടുകയാണ് സാമൂഹിക പ്രവർത്തകർ.