കോഴിക്കോട് : ദശാബ്ദങ്ങൾ പഴക്കമുള്ള ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയ കെട്ടിടം പുനർനിർമ്മിക്കുന്നതിന് 25. 06 കോടി അനുവദിച്ചു.

പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്കായി ആദ്യഗഡുവായി 20 ലക്ഷം രൂപയാണ് ലഭിക്കുക. പ്രവൃത്തി ആസൂത്രണത്തിനു നാലു മാസം വരെയെടുക്കാം. തുടർന്ന് പഴയ കെട്ടിടം പൊളിച്ച് 18 മാസത്തിനകം പുനർനിർമ്മാണം പൂർത്തിയാക്കാനാണ് നിർദ്ദേശം.

കോഴിക്കോട് സി.പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടിവ് എൻജിനിയർക്കാണ് പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ചുമതല. ബംഗളൂരു ആസ്ഥാനമായുള്ള സി.പിഡബ്ല്യു.ഡി ആർക്കിടെക്ചറൽ വിഭാഗത്തിലെ എൻജിനിയർമാരും രൂപരേഖ സംബന്ധിച്ച ആസൂത്രണത്തിനുണ്ടാവും.

കെട്ടിട പുനർനിർമ്മാണത്തിന് അനുമതിയായത് ആഴ്ചകൾക്കു മുമ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ എം.കെ രാഘവൻ എം.പി യെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചതും മാർഗനിർദ്ദേശങ്ങൾ നൽകിയതും.

വിദ്യാലയ കെട്ടിടം ഏറെ അപകടാവസ്ഥയിലാണെന്നിരിക്കെ, അടിയന്തരമായി പുതുക്കിപ്പണിയണമെന്ന ആവശ്യവുമായി എം.കെ രാഘവൻ എം.പി നേരത്തെ നിരവധി തവണ വിദ്യാഭ്യാസ മന്ത്രിയെ കണ്ടിരുന്നു. പാർലമെന്റിലും പല തവണ ഈ വിഷയം അവതരിപ്പിച്ചതാണ്. കെ.വി.എസ് കമ്മിഷണർ ഉൾപ്പെടെ ഉന്നതോദ്യോഗസ്ഥരുടെ ശ്രദ്ധയിലും കൊണ്ടുവന്നിരുന്നു.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണെങ്കിലും, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആശങ്കയകറ്റി സമയബന്ധിതമായി പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് എം.പി പറഞ്ഞു.