ഫാറൂഖ് കോളേജ്: മഴയിൽ ഇടിഞ്ഞ മതിൽ പുനർനിർമ്മിക്കാനായി കരിങ്കല്ല് കൊണ്ടുവന്ന ലോറി ആറടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർ രാമനാട്ടുകര മുസ്താഖ് മൻസിലിൽ അസ്കർ ബാബു അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പറവൻ തിരുത്തി പഴനിക്കോളിൽ സൈഫുള്ളയുടെയും സിദ്ധീഖിന്റെയും ഉടമസ്ഥതയിലുള്ള വീടിന്റെ മതിൽ കഴിഞ്ഞ മാസമാണ് മഴയിൽ തകർന്നത്. ഇതിന്റെ പുനർനിർമ്മാണത്തിനായി ബോളറുമായി വന്നതായിരുന്നു ലോറി. ലോഡ് ഇറക്കാനായി പിന്നോട്ടെടുത്ത ലോറി റോഡിലെ കെട്ടടക്കം ഇടിഞ്ഞ് വീഴുകയായിരുന്നു. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തി.