പയ്യോളി: രണ്ട് മാസത്തോളമായി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി നിർത്തിയ ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ എഫ്.എൽ.ടി.സി പ്രവർത്തനമാരംഭിച്ചു. ഇന്നലെ വൈകീട്ടോടെ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. ഒരേ സമയം 60 രോഗികളെ അഡ്മിറ്റ് ചെയ്യാവുന്ന തരത്തിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത് . സർഗാലയ എഫ്.എൽ.ടി.സിയായി സ്ഥലം എം.എൽ.എയും നഗരസഭാധികൃതരും പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ ലഭ്യമാവാത്തത് കേന്ദ്രം തുടങ്ങുന്നതിന് തടസമായി. എന്നാൽ കൊവിഡ് രോഗികൾ കൂടിയിട്ടും കേന്ദ്രം പ്രവർത്തിക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നു.
യു.ഡി.എഫ് സംഘം നഗരസഭാധികൃതർക്ക് നിവേദനം നൽകി. അതിനിടെ കഴിഞ്ഞദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കൊവിഡ് രോഗി മരിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കി. യു.ഡി.എഫ്, യൂത്ത് കോൺഗ്രസ് , യൂത്ത് ലീഗ് , ബി.ജെ .പി എന്നീ സംഘടനകൾ തെരുവിൽ പ്രതിഷേധിച്ചതോടെ അധികൃതർ തീരുമാനം വേഗത്തിലാക്കുകയായിരുന്നു.