വടകര: അഴിയൂരിൽ കൊവിഡ് രോഗികളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്, പൊലീസ്, റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ രോഗികൾ കൂടിയ സാഹചര്യത്തിലാണ് യോഗം ചേർന്നത്. വീടുകളിൽ കഴിയുന്ന രോഗികളിൽനിന്ന് അടുത്ത ബന്ധുക്കൾക്ക് രോഗം പകരുന്നത് കണ്ടെത്തിയതിനാലാണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. ബ്രിഗേഡിയർമാരുടെ നേതൃത്വത്തിൽ വാർഡ് തല സംവിധാനം അടുത്ത പത്ത് ദിവസത്തേക്ക് തുടരും. കൊവിഡ് രോഗം വ്യാപിക്കും വിധം നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കും. ഒരു പോസിറ്റീവ് രോഗി ഉണ്ടായാൽ വീട്ടിലെ മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കി പരിശോധന നടത്തി സമ്പർക്കം തടയും. ഒരു വീട്ടിൽ തന്നെ പോസിറ്റീവ് രോഗികളും നെഗറ്റീവ് രോഗികളും ഒരുമിച്ച് താമസിക്കുമ്പോൾ നെഗറ്റീവായവരെ വാർഡുതലത്തിൽ താമസിപ്പിക്കുന്നതിന് സംവിധാനം ഒരുക്കുവാൻ വാർഡ് ആർ. ആർ. ടി യുടെ യോഗം ഉടൻ ചേരും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി പി ജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനിൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ നസീർ, ചോമ്പാല എസ് ഐ. എസ്. നിഖിൽ, വില്ലേജ് അസിസ്റ്റന്റ് കെ ബഷീർ, കൊവിഡ് ചുമതലയുള്ള അദ്ധ്യാപകരായ സലീഷ് കുമാർ, കെ പി പ്രീജിത് കുമാർ, സി കെ സാജിദ്, ആർ പി റിയാസ് എന്നിവർ സംസാരിച്ചു. കൊവിഡ് ബ്രിഗേഡിയർ മാർക്കുള്ള ഐ.ഡി കാർഡുകൾ വിതരണം ചെയ്തു.