സുൽത്താൻ ബത്തേരി: ജില്ലയിലെ വിവിധ വില്ലേജുകളെ ഉൾപ്പെടുത്തി ബഫർസോൺ രൂപീകരിക്കാനുള്ള തീരുമാനത്തിൽനിന്നു പിൻവാങ്ങിയില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കാൻ വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു. കർഷകരക്ഷാസമിതിയുമായി മന്ത്രി ടി.പി.രാമകൃഷ്ണൻ നടത്തിയ ചർച്ചയിൽ ഒക്ടോബർ 15നു മുൻപായി ഈ വിഷയത്തിൽ തീരുമാനമുണ്ടാക്കുന്നതിനായി കോഴിക്കോട് ഡി.എഫ്.ഒ യെ പഠനറിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കോ സെൻസെറ്റീവ് സോൺ സംബന്ധിച്ച് വനംവകുപ്പ് നിരന്തരമായി തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നതെന്ന് യോഗം വിലയിരുത്തി.
പരിസ്ഥിതിലോല പ്രദേശ പ്രഖ്യാപനവും കടുവസങ്കേതം ശുപാർശയും പിൻവലിക്കുക, വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബഹുജനപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ബത്തേരി അസംപ്ഷൻ ഓഡിറ്റോറിയത്തിൽ ചേർന്ന മത സാമുദായിക കർഷക സംസ്കാരിക സംഘടനകളുടെ യോഗം വയനാട് സംരക്ഷണ സമിതിക്ക് രൂപം നൽകി. മാനന്തവാടി,ബത്തേരി(മലങ്കര), കോഴിക്കോട് കോട്ടയം ,മീനങ്ങാടി,ബത്തേരി (ഓർത്തഡോക്സ്) രൂപതകളും,സമസ്ത, എസ്.വൈ.എസ്, എസ്.എൻ.ഡി.പി, എൻ.എസ്.എസ്, വ്യാപാരിവ്യവസായി ഏകോപനസമിതി, കാർഷിക പുരോഗമനസമിതി, ജനസംരക്ഷണസമിതി, ഹരിതസേന, ഇൻഫാം, ഫാർമേർസ് റിലീഫ് ഫോറം,ക്രിസ്ത്യൻ കൾച്ചറൽ ഫോറം ,വയനാടൻ ചെട്ടി സമാജം, എംസിഎ, കത്തോലിക്ക കോൺഗ്രസ്സ്, വൈ.എം.സി.എ, എക്യുമിനിക്കൽ ഫോറം,വയനാട് കർഷകകൂട്ടായ്മ,കുറിച്യ സമുദായ സം രക്ഷണ സമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.
സമിതി ചെയർമാൻ മോൺ.തോമസ് മണക്കുന്നേൽ അദ്ധ്യക്ഷം വഹിച്ച യോഗം ബത്തേരി രൂപത വികാരി ജനറാൽ മോൺ. മാത്യു അറമ്പങ്കുടി ഉദ്ഘാടനം ചെയ്തു.