post

നഗരസഭ കെ.എസ്.ഇ.ബി ക്ക് കത്ത് നല്കി

കോട്ടയം: കാൽനടക്കാർക്ക് പോസ്റ്റിൽ തട്ടാതെ ഇനി നടക്കാനാവും. ഈരയിൽക്കടവ് ബൈപാസിൽ നടപ്പാതയിലേക്ക് കയറ്റി സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകൾ മാറ്റും. ഏറെ വിവാദം സൃഷ്ടിച്ച പോസ്റ്റുകളാണ് മാറ്റിയിടാൻ നഗരസഭ കൗൺസിൽയോഗം അവസാനം തീരുമാനിച്ചത്.

നിർദ്ദിഷ്ട നടപ്പാതയിലേക്ക് കയറ്റി കഴിഞ്ഞദിവസം കെ.എസ്.ഇ.ബി പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ലൈൻ വലിച്ചിരുന്നില്ല. ഇത് അറിഞ്ഞയുടൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇത് നടപ്പാതയിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ പോസ്റ്റുകൾ മാറ്റാൻ എത്തിയപ്പോൾ എൽ.ഡി.എഫ് കൗൺസിലർമാർ തടയുകയായിരുന്നു. ഇതോടെയാണ് നഗരസഭ അദ്ധ്യക്ഷ സംഭവത്തിൽ ഇടപെട്ടത്.

ഓൺലൈൻ കൗൺസിൽ യോഗത്തിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത നഗരസഭാ അദ്ധ്യക്ഷ ഡോ.പി.ആർ.സോന വ്യക്തമാക്കി. ഇതിനെ ചില കൗൺസിലർമാർ എതിർത്തു. പോസ്റ്റ് സ്ഥാപിക്കാൻ ഉപയോഗിച്ച ഫണ്ട് എൽ.ഡ‌ി.എഫ് കൗൺസിലർമാരുടേതല്ലെന്നും നഗരസഭയുടെ പൊതുഫണ്ടാണെന്നും പി.ആർ സോന വ്യക്തമാക്കി. തുടർന്ന് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാൻ നഗരസഭ കെ.എസ്.ഇ.ബിക്ക് കത്ത് നല്കുകയായിരുന്നു.

ആരോടും ആലോചിക്കാതെയാണ് നിർദ്ദിഷ്ട നടപ്പാതയിൽ പോസ്റ്റുകൾ സ്ഥാപിച്ചതെന്നും അത് മാറ്റിസ്ഥാപിക്കാൻ വീണ്ടും പണം മുടക്കേണ്ടി വരുന്നതിനെയാണ് എതിർത്തതെന്നുമാണ് എൽ.ഡി.എഫ് കൗൺസിലർമാർ പറയുന്നു. എന്നാൽ ലൈൻ വലിക്കാത്തതിനാൽ കാര്യമായ നഷ്ടം സംഭവിക്കില്ലെന്നാണ് ഡോ.പി.ആർ.സോനയുടെ പക്ഷം. രാവിലെയും വൈകിട്ടും നിരവധി ആളുകൾ നടക്കാനെത്തുന്ന നടപ്പാതയാണിത്.