jose

കോട്ടയം: ഔദ്യോഗിക കേരള കോൺഗ്രസ് (എം) പദവിയും രണ്ടില ചിഹ്നവും ജോസ് വിഭാഗത്തിന് ലഭിച്ചത് ജോസഫിനെയും യു.ഡി.എഫിനെയും വെട്ടിലാക്കി. ഇടതു മുന്നണി പ്രവേശനത്തിന് ചരട് വലി തുടങ്ങിയ ജോസ് വിഭാഗത്തിന് അവിടെയും കൂടുതൽ സീറ്റിനായി വില പേശാനും അവസരമായി.


ഇടതു സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നതിന് അടുത്ത യു.ഡി.എഫ് യോഗത്തിൽ ജോസ് വിഭാഗത്തെ പുറത്താക്കാനിരിക്കെയാണ് ഔദ്യോഗിക പരിവേഷം അവർക്ക് ലഭിച്ചത്. യു.ഡി.എഫിന് വീണ്ടുവിചാരമുണ്ടായി ജോസ് വിഭാഗത്തെ തിരിച്ചെടുക്കാൻ നീക്കമുണ്ടായാൽ ഔദ്യോഗിക വിഭാഗമെന്ന നിലയിൽ കൂടുതൽ സീറ്റിന് അവകാശവാദമുന്നയിച്ച് വിലപേശാൻ കഴിയും. യു.ഡി.എഫിൽ നിന്ന് ജോസഫ് വിഭാഗത്തിന്റെ പുറത്തുപോകലിന് അതി വഴിയൊരുക്കിയേക്കും. അവിശ്വാസ പ്രമേയത്തിൽ ജോസഫ് വിഭാഗത്തിനെതിരെ ജോസ് വിഭാഗം വിപ്പു നൽകിയിരുന്നു. ഔദ്യോഗിക പക്ഷമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതോടെ പി.ജെ.ജോസഫ്,മോൻസ് ജോസഫ്,സി.എഫ്.തോമസ് എന്നിവർക്കെതിരെ വിപ്പ് ലംഘനത്തിന് നടപടി ആവശ്യപ്പെടും.നടപടി എടുക്കാൻ സ്പീക്കർ നിർബന്ധിതമാകും.ഇത് യു.ഡി.എഫിൽ പൊട്ടി ത്തെറിക്ക് വഴിമരുന്നിടാം. ഡൽഹി ഹൈക്കോടതിയിൽ ജോസഫ് വിഭാഗം നൽകുന്ന കേസിൽ സ്റ്റേ ഉണ്ടാകുന്നില്ലെങ്കിൽ പുതിയ ചിഹ്നവും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്ന പേരും സ്വീകരിക്കാൻ അവർ നിർബന്ധിതരാകും.

ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയാൽ ഇപ്പോൾ മാണി സി കാപ്പന്റെ കൈവശമുള്ള പാലാ സീറ്റിൽ അവകാശവാദമുന്നയിക്കും. സീറ്റ് വിട്ടു കൊടുക്കില്ലെന്ന് കാപ്പൻ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ എൻ.സി.പി ഇടഞ്ഞാൽ ഇത് മറ്റൊരു അസ്വാരസ്യം ഇടതു മുന്നണിയിലുണ്ടാക്കാം.

കേസ് നൽകും: പി.ജെ.ജോസഫ്

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഉടൻ കേസ് നൽകും. ഞങ്ങൾ നൽകിയ കേസിൽ പാർട്ടി ഭരണ ഘടന അനുസരിച്ച് പല കാര്യങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടില്ല.കമ്മിഷന്റെ മൂന്നു അംഗങ്ങളിൽ രണ്ടു പേർ ജോസിന് അനുകൂലമായും ഒരാൾ എതിർനിലപാടുമാണ് സ്വീകരിച്ചത്.

യഥാർത്ഥ കേരള കോൺഗ്രസ് ഞങ്ങളുടേത്: ജോസ് കെ മാണി

യഥാർത്ഥ കേരളകോൺഗ്രസ് ഞങ്ങളുടേതാണെന്നും പാർട്ടി തീരുമാനം ശരിയെന്നും തെളിഞ്ഞു. വിപ്പ് ലംഘിച്ചതിന് പി.ജെ.ജോസഫ് അടക്കം മൂന്ന് എം.എൽഎമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമമനുസരിച്ച് നടപടി എടുക്കാൻ സ്പീക്കറോട് ആവശ്യപ്പെടും.