ചങ്ങനാശേരി: വിയറ്റ്‌നാം സൂപ്പർ യേർളി പ്ലാവിൻതൈകൾ, അൽഫോൻസാ ഇനത്തിൽപ്പെട്ട ഗ്രാഫൈറ്റ് മാവ്, ഹൈബ്രിഡ് മുരിങ്ങ, റെഡ്‌ലേഡി പപ്പായ, ... പേരുകേൾക്കുമ്പോൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനാണെന്നു കരുതിയെങ്കിൽ തെറ്റി. കൊവിഡിന്റെ പശ്ചാത്തലത്തിൽ കുടുംബങ്ങളെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഴപ്പള്ളി പഞ്ചായത്തിൽ സൗജന്യമായി വിതരണം ചെയ്ത ചെടികളാണിവ. പരിഷ്കാരികൾ മാത്രമല്ല കുടംപുളി, 25 ഇനം പച്ചക്കറി തൈകൾ, കുറ്റിക്കുരുമുളക് അങ്ങനെ നാടൻ ചെടികൾ വേറെയും. ഹരിയാനയിലെ മുറ ഇനത്തിൽപ്പെട്ട പോത്തിൻകുട്ടികളെ കേരളത്തിൽ ആദ്യമായി സൗജന്യമായി നൽകിയതും വാഴപ്പള്ളിയിൽ തന്നെ!. ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നടത്തുന്ന ഹരിതവിപ്ലവം പരിപാടി പ്രസിഡന്റ് സിബിച്ചൻ പ്ലാമൂട്ടിൽ കുറ്റിക്കുരുമുളക്‌ചെടി വിതരണം ചെയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പതിനായിരത്തിലധികം കുടുംബങ്ങൾ ഈ പദ്ധതിയിൽ പങ്കാളികളാകും.
മാലിന്യസംസ്‌ക്കരണത്തിനായി റിംഗ് കംപോസ്റ്റ്, ബക്കറ്റ് കംപോസ്റ്റ്, മുച്ചെട്ടി തുടങ്ങി ഉറവിടമാലിന്യ പദ്ധതികളും ആരംഭിച്ചു. പ്ലാസ്റ്റിക് കിറ്റിനു പകരം പഞ്ചായത്തിലെ എല്ലാവീടുകളിലും തുണിസഞ്ചികൾ നൽകും. മുട്ടക്കോഴി, പശുവളർത്തൽ, കന്നുകുട്ടി പരിപാലനം, ആട് പദ്ധതി, കറവപശു, കാടവളർത്തൽ, മുയൽ വളർത്തൽ എന്നിവയും, കറവയന്ത്രം നൽകുന്ന പദ്ധതിയും പഞ്ചായത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. വാഴൂർറോഡിൽ മഴവെള്ളം കെട്ടിക്കിടന്ന് ജനങ്ങൾക്ക് നടക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്ന കുരിശുംമൂട്, എസ്റ്റേറ്റ് പടി ഭാഗത്തെയും കലിങ്കുകൾ നന്നാക്കി പ്രശ്‌നത്തിന് പരിഹാരമാക്കിയിട്ടുണ്ട്.
വാഴപ്പള്ളി പഞ്ചായത്തിനെ ഒരു മാതൃക പഞ്ചായത്താക്കി മാറ്റാൻ 21 വാർഡുകളിൽ നിന്നും 210 യുവജനങ്ങൾ സൗജന്യനിരക്കിൽ മിലിട്ടറി ട്രെയിനിംഗ് പദ്ധതി, ഓഫീസ് കെട്ടിടത്തിന്റെ മുമ്പിൽ ഗാന്ധിപ്രതിമ സ്ഥാപിക്കൽ, ആഗസ്റ്റ് 15, ജനുവരി 26 തുടങ്ങിയ ദിവസങ്ങളിൽ കൊടിമരം സ്ഥാപിച്ച് പതാക ഉയർത്തൽ, വിവിധ വാർഡുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ എന്നിവ നടപ്പാക്കും. ഇവയ്ക്ക് സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടില്ല. ഇതു നടപ്പാക്കാനുള്ള ശ്രമം മന്ത്രിതലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇവയ്ക്ക്കൂടി അനുമതി ലഭിച്ചാൽ വാഴപ്പള്ളി പഞ്ചായത്ത് കേരളത്തിലെ വേറിട്ട മാതൃകയാവും.
സിബിച്ചൻ പ്ലാമൂട്ടിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്