കോട്ടയം: കട്ടപ്പന പൊലീസ് സ്റ്റേഷൻ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. കെ.എസ്.യു. സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രൻ, ഇടുക്കി ജില്ലാ കമ്മിറ്റിയംഗം ടിനു ദേവസ്യ എന്നിവരാണ് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ്. അരുൺ, പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ എന്നിവർ കഴിഞ്ഞദിവസം സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും കൊവിഡ് നിയമം ലംഘിച്ച് സംഘം ചേർന്നതിനും എൺപതിൽപ്പരം പേർക്കെതിരെ കേസെടുത്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.
അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. സമരത്തിൽ ഒപ്പം പങ്കെടുത്തവരുടെ ആന്റിജൻ പരിശോധന ഫലം നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ജാമ്യം നൽകി കട്ടപ്പനയിലെ കൊവിഡ് ഫസ്റ്റ്ലൈൻ ചികിത്സ കേന്ദ്രത്തിലേക്കു മാറ്റി. രോഗബാധിതനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ മൂന്നു സി.പി.ഒമാരും പൊലീസ് ഡ്രൈവറും സമ്പർക്കമുണ്ടായ ഹോം ഗാർഡും നിരീക്ഷണത്തിൽ പ്രവേശിച്ചു. അറസ്റ്റിലായ മറ്റു മൂന്നുപേർ മുട്ടത്തെ കൊവിഡ് പരിശോധന കേന്ദ്രത്തിലാണ്. ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മാർച്ചിൽ പങ്കെടുത്തിരുന്നു.
സെക്രട്ടറിയേറ്റിലെ ഫയൽ കത്തിനശിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും നാല് പൊലീസ് ഉദ്യോഗസ്ഥർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പ്രകോപിതരായ പ്രവർത്തകർ പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തു.
പൊലീസിനുനേരെ മുട്ടയേറും നടത്തി. തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ മാത്യു, ലോക്സഭ മണ്ഡലം മുൻ പ്രസിഡന്റ് ബിജോ മാണി, കെ.എസ്.യു. ബ്ലോക്ക് സെക്രട്ടറി ഗുണശേഖരൻ, യൂത്ത് കോൺഗ്രസ് കൊന്നത്തടി മണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ, കെ.കെ. രതീഷ്, എസ്.വി. രാജീവ്, ടോണി എബ്രഹാം എന്നിവർക്ക് പരിക്കേറ്റിരുന്നു.