പാലാ: വെറും 200 മീറ്റർ ദൂരത്തിൽ സ്ഥലം ഏറ്റെടുത്താൽ പാലായിലെ ഗതാഗതത്തിന് വേഗത കൂടും. അതിന് മൂന്ന് സ്ഥലമുടമകളുടെ സമ്മതപത്രം മാത്രം കിട്ടിയാൽ മതി. സ്ഥലം നൽകാൻ അവർ തയ്യാറാണ്. നൽകുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, അങ്ങനെ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തലത്തിൽ ഇടപെടേണ്ടിവരുമെന്ന് നഗരസഭയും. അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ ഈ 200 മീറ്റർ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ചായി!
ഉപേക്ഷിക്കേണ്ടി വരുന്ന ബൈപ്പാസ്
പുഴക്കര പാലം മുതൽ ചെത്തിമറ്റം കുളംങ്കണ്ടത്ത് എത്തി പൂഞ്ഞാർ ഹൈവേയിൽ ബന്ധിപ്പിക്കുന്ന വിധമാണ് റോഡ് വിഭാവനം ചെയ്തിരുന്നത്. പുഴക്കര പാലം മുതൽ ചെത്തിമറ്റം വരെ വീതികൂട്ടി നിർമ്മിച്ച ഒരു കിലോമീറ്റർ നീളമുള്ള റോഡിന്റെ 200 മീറ്റർ ഭാഗം മാത്രമാണ് പൂർത്തിയാവാനുള്ളത്. ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇതു കാരണം പാലായുടെ ടൗൺ ബൈപ്പാസായി പ്രയോജനപ്പെടുത്താവുന്ന ഈ റോഡ് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണിപ്പോൾ. പി.ഡബ്ല്യയൂ.ഡിയുടെ ഒറ്റത്തവണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തിയാണ് നിർമ്മാണം നടത്തിയത്.
മൂന്ന് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ഈ റോഡിന് സ്റ്റേഡിയം വ്യൂ റിവർവ്യൂ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുവശങ്ങളിലുമുളള ഭൂവുടമകളിൽ നിന്നും ഈ മൂന്ന് പേരൊഴികെയുള്ളവരിൽ നിന്ന് സൗജന്യമായി സ്ഥലം വാങ്ങിയാണ് റോഡ് വികസിപ്പിച്ചെടുത്തത്. എട്ടു മീറ്റർ വീതിയുണ്ട് ഈ റോഡിന്. 800 മീറ്ററിൽ റോഡ് ഇതിനോടകം വീതികൂട്ടി നിർമ്മിച്ചു.
200 മീറ്റർ റോഡ് വീതി കൂട്ടൽ പൂർത്തിയാക്കിയാൽ
1. ളാലം ജംഗ്ഷനിലെയും സ്റ്റേഡിയം ജംഗ്ഷനിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും
2. പാലാ ടൗണിലെ പ്രധാന റോഡിന്റെയും ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയുടെയും ബൈപ്പാസായും ഈ റോഡ് ഉപയോഗിക്കാനാവും.
3. കിഴക്കൻ മേഖലകളിൽ നിന്നെത്തുന്നവർക്ക് ടൗണിൽ പ്രവേശിക്കാതെ ഈ റോഡിലൂടെ റിവർവ്യൂ റോഡിലെത്തി കൊട്ടാരമറ്റം ഭാഗത്തേക്ക് പോകാനാകും
4. നഗരത്തിന്റെ സമഗ്ര വികസനമാവും സാധ്യമാവും