padam
കരിക്കണ്ടം പാടശേഖരം ഭാഗം

ചങ്ങനാശേരി: വീട് വയ്ക്കാൻ ഒരു തുണ്ട് ഭൂമി ലഭിച്ചില്ല. തല ചായ്ക്കാൻ അമ്പതോളം കുടുംബങ്ങൾ ഉയർന്ന സ്ഥലത്തെ പാടത്ത് സ്ഥലം വാങ്ങി കൂരകെട്ടി. ഇപ്പോൾ ഓരോ മഴയത്തും നെഞ്ചിടിപ്പാണ്. മഴവെള്ളപ്പാച്ചിലിൽ വീട് വെള്ളത്തിനടിയിലാകുമോ എന്ന പേടിയാണവർക്ക്. കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഇത്തിത്താനം ചാലച്ചിറ കരിക്കണ്ടം പാടത്ത് താമസമാക്കിയ കുടുംബങ്ങളുടെ ദുരിതമാണ് ഓരോ വർഷകാലത്തും തുടരുന്നത്.

പാടത്തും പറമ്പിലും വിയർപ്പൊഴുക്കി സ്വരൂപിച്ച പണം കൊണ്ടാണ് കർഷകതൊഴിലാളികളായ ഇവർ അഞ്ചും എട്ടും സെന്റ് സ്ഥലം സ്വന്തമാക്കിയത്. എന്നാൽ അതിലേക്ക് നല്ലൊരു വഴി കണ്ടെത്താൻ പോലും ഇതുവരെയായിട്ടില്ല. പഞ്ചായത്ത് പ്രതിനിധികൾ പലവിധ വാഗ്ദാനങ്ങൾ നൽകി പറ്റിച്ചെന്ന് ഇവർ പറയുന്നു. ഇവരുടെ വീടുകളിലേക്ക് എത്താൻ രണ്ടുഭാഗത്തുനിന്ന് വഴികളുണ്ട്. ചാക്കരിമുക്കിന് സമീപം വി.സി.എം-കപ്പാമൂട്ടിൽ റോഡിലൂടെയും ചാലച്ചിറ തോടിന് സമീപമുള്ള ഇത്തിത്താനം ദേവീക്ഷേത്രം വക ആറാട്ടുകുളത്തിലേക്കുള്ള റോഡിലൂടെയും ഇവരുടെ വീടുകളിലേക്കെത്താം. എന്നാൽ വി.സി.എം-കപ്പാമൂട്ടിൽ റോഡ് മുഴുവൻ ഭാഗം കോൺക്രീറ്റ് ചെയ്തിട്ടില്ല. ആറാട്ടുകുളത്തിലേക്കുള്ള റോഡിലാകട്ടെ പൊടിമഴ പെയ്താൽ പോലും വെള്ളം കയറും. ഇരുറോഡുകളിലും ബണ്ട് കെട്ടി മണ്ണിട്ട് പൊക്കിയാൽ ഇവരുടെ വീടുകളിലേക്ക് സുഖമായി എത്താം.

റോഡ് മക്ക് അടിച്ച് സഞ്ചാരയോഗ്യമാക്കി കൊടുക്കാമെന്ന് ബ്ലോക്ക് അധികാരികൾ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും ചെയ്തില്ലെന്ന് ഇവർ പറയുന്നു. എം.എൽ.എയോ എം.പിയോ ഫണ്ട് അനുവദിച്ചാൽ ഏതെങ്കിലും ഒരു വഴിയെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. കൃഷി ചെയ്യാതെ കിടക്കുന്ന പാടം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമാണ്. ഒരു കാറ്റടിച്ചാൽ ഈ പ്രദേശത്തേക്കുള്ള കറണ്ട് ഇല്ലാതാകുന്നതും പതിവാണ്. ഇത് കുട്ടികളുടെ ഓൺലൈൻ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്.