കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുദേവ ജയന്തി ഇന്ന് ആഘോഷിക്കും. ശാഖകളും ക്ഷേത്രങ്ങളും ഘോഷയാത്ര ഉൾപ്പെടെയുള്ളവ ഒഴിവാക്കിയിട്ടുണ്ട്.
ടൗൺ ബി ശാഖയിൽ
ടൗൺ ബി ശാഖയിൽ രാവിലെ കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു പതാക ഉയർത്തും. യൂണിയൻ മുൻ കൗൺസിലർ അഡ്വ.ശിവജി ബാബുവിന്റെ സാന്നിദ്ധ്യത്തിൽ ഒമ്പതിന് നടക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് ബി.ദേവരാജ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് ജയന്തി സന്ദേശം നൽകും. വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. ശാഖാ സെക്രട്ടറി കെ.ശശിധരൻ, യൂണിയൻ കമ്മിറ്റിഅംഗം കെ.എസ്.ഗംഗാധരൻ, ശാഖാ വൈസ് പ്രസിഡന്റ് സാം എസ് തുടങ്ങിയവർ സംസാരിക്കും.
പാമ്പാടി ശാഖയിൽ
265ാം നമ്പർ പാമ്പാടി ശാഖയിലെ ആഘോഷം ശിവദർശനമഹാദേവ ക്ഷേത്രത്തിൽ നടക്കും. രാവിലെ 7ന് വിശേഷാൽ പൂജ, ഗുരുപൂജ, 9ന് ഗുരുസ്മരണ, ഗുരുദേവ കൃതികളുടെ ആലാപനം, 10ന് വിദ്യാഭ്യാസ അവാർഡ് വിതരണം.
കൂരോപ്പട ശാഖയിൽ
2931ാം കൂരോപ്പട ശാഖയിലെ ഗുരുദേവ ജയന്തിയും ഗുരുദേവമണ്ഡപത്തിന്റെ സമർപ്പണ വാർഷികവും ആഘോഷിക്കും.വിശ്വശാന്തി രോഗശമന യജ്ഞമായി നടത്തുന്ന മഹാ ദിവ്യഗുരുപൂജ ചടങ്ങുകൾക്ക് അഖിൽ ശാന്തി കാർമ്മികത്വം വഹിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം, വിശേഷാൽ ദീപാരാധന എന്നിവ ഉണ്ടായിരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 7വരെ ക്ഷേത്ര ദർശനം നടത്താം.