jose-joseph

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ പദവിയും രണ്ടില ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചതോടെ, കൂടുതൽ സീറ്റും പദവിയും നേടിയെടുക്കാനുള്ള വിലപേശലുമായി ജോസ് വിഭാഗം. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന മുന്നണിയുമായി കൂട്ടുകെട്ടുണ്ടാക്കുമെന്ന ജോസ് കെ. മാണിയുടെ വെളിപ്പെടുത്തൽ അടുത്ത രാഷ്ടീയ കരുനീക്കങ്ങളുടെ സൂചനയായി.

നിയമസഭയിലെ വിപ്പ് ലംഘനത്തെത്തുടർന്ന് യു.ഡി.എഫിൽ നിന്ന് പുറത്താവുമെന്ന് ഉറപ്പായതോടെ, തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് ഇടതുമുന്നണിയുമായി രഹസ്യധാരണാനീക്കം ജോസ് വിഭാഗം ആരംഭിച്ചിരുന്നു. ജോസഫിനെ വെട്ടി ജോസിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി വന്നതോടെ, യു.ഡി.എഫ് നേതാക്കൾക്കിടയിലും ആശയക്കുഴപ്പമായി. ചില ഉന്നത നേതാക്കൾ ജോസുമായി ബന്ധപ്പെടുകയും ചെയ്തു. നേരത്തേ മാണി വിഭാഗം യു.ഡി.എഫ് വിട്ടശേഷം തിരിച്ചെത്തിയത് കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് കൈക്കലാക്കിയായിരുന്നു. ജോസഫ് വിഭാഗത്തിന്റെ രാഷ്ടീയ അസ്ഥിത്വം ഇല്ലാതാക്കുന്ന വിലപേശൽ തന്ത്രമാവും ഇനി ജോസ് വിഭാഗം പയറ്റുക. പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്ത പി.ജെ.ജോസഫ്,മോൻസ് ജോസഫ് എന്നിവർക്കെതിരെ നടപടിയെടുക്കാൻ സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ ജോസ്, ആരോഗ്യ കാരണങ്ങളാൽ സഭയിലെത്താതിരുന്ന സി.എഫ്. തോമസ് വിപ്പ് അനുസരിച്ചതായും വ്യക്തമാക്കി. പാർട്ടി അധികാരവും ചിഹ്നവും ലഭിച്ചതോടെ, ജോസഫ് പക്ഷത്തു പോയ ഉന്നത നേതാക്കളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള കളിയും ജോസ് പക്ഷം ആരംഭിച്ചതായാണ് സൂചന. ഇനി കേരളാ കോൺഗ്രസ് -എം മാത്രമാണുള്ളതെന്നും, രണ്ടില ചിഹ്നത്തിൽ ജയിച്ചവരെല്ലാം വിധി അംഗീകരിക്കാൻ ബാദ്ധ്യസ്ഥരാണെന്നും ജോസ് പറഞ്ഞു.