കുഴികൾ നിറഞ്ഞ് ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്കുള്ള റോഡ്
ചങ്ങനാശേരി: ജനറൽ ആശുപത്രിയിലേക്കല്ലേ യാത്ര... എങ്കിൽ ആശുപത്രിയെത്തുമ്പോൾ നടുവിന്റെ ബോൾട്ട് ഇളകുമെന്നതാണ് അവസ്ഥ. ചങ്ങനാശേരി ജനറൽ ആശുപത്രി റോഡിനെ ഒരേസ്വരത്തിൽ ശപിക്കുകയാണ് രോഗികളും സ്ഥിരം യാത്രക്കാരും. എം സി റോഡിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പ്രവേശനകവാടത്തിലേയ്ക്കുള്ള റോഡാണ് ദുരിതം വിതയ്ക്കുന്നത്. ഗർഭിണികളടക്കമുള്ളവരുമായി ഇതുവഴി വാഹനത്തിൽ യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച ആശുപത്രികൂടിയാണിത്. ചങ്ങനാശേരിയിലെ പടിഞ്ഞാറൻ മേഖലയിലുള്ളവരാണ് കൂടുതലായി ആശുപത്രിയിലേക്ക് എത്തുന്നത്. റോഡ് അടുത്ത കാലത്തൊന്നും ടാർ ചെയ്തിട്ടില്ല. ടാർ പൊട്ടിപ്പൊളിഞ്ഞ് റോഡ് മുഴുവൻ ചെറുതും വലുതുമായ കുഴികൾ നിറഞ്ഞ നിലയിലാണ്. മഴ പെയ്താൽ കുഴികളിൽ വെള്ളം
കെട്ടിക്കിടക്കുന്നതും പതിവാണ്. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. വീതികുറഞ്ഞ റോഡിൽ അനധികൃത വാഹനപാർക്കിങ്ങും വെല്ലുവിളിയാണ്. ആശുപത്രിയിലേക്ക് എത്തുന്ന ആംബുലൻസ് ഉൾപ്പെടെ കുരുക്കിൽപ്പെടുന്നതും പതിവാണ്.
ഇറങ്ങി നടക്കണം!
വീതി കുറഞ്ഞ റോഡിലെ നടപ്പാതയിലാണ് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്തിരിക്കുന്നത്. അതിനാൽ, കാൽ നടയാത്രക്കാർ റോഡിലേയ്ക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്.
റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടികൾ എന്തന്നില്ലാതെ നീളുകയാണ്.