ചങ്ങനാശേരി: കുടിവെള്ളം വിതരണത്തിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് ചങ്ങനാശേരി നഗരസഭാ ചെയർമാൻ സാജൻ ഫ്രാൻസിസ് വാട്ടർ അതോറിട്ടി ഓഫീസിൽ നേരിട്ടെത്തി പ്രതിഷേധിച്ചു. തുടർച്ചയായ ഓണ അവധി ദിവസങ്ങളായതുകൊണ്ട് സ്ഥലത്തില്ലായിരുന്ന അസി.എൻജിനീയറെ ചെയർമാൻ വിളിച്ചുവരുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ടാഴ്ചയിലേറെയായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. കല്ലിശ്ശേരി കുടിവെള്ളപദ്ധതിയിൽ ചെങ്ങന്നൂരിലെ ചില പഞ്ചായത്തുകളിലേക്ക് വെള്ളം നൽകുന്ന നടപടി അടുത്ത കാലത്ത് തുടങ്ങിയതും തിരുവല്ലയ്ക്ക് കൂടുതൽ വെള്ളം നൽകുന്നതും ചങ്ങനാശേരിക്ക് അർഹമായ കുടിവെള്ളം ലഭിക്കുന്നതിൽ തടസമാകുന്നതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ചെയർമാൻ അറിയിച്ചു.