കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിധി ആഘോഷമാക്കി ജോസ് കെ മാണിയും പ്രവർത്തകരും
പാലാ: തിരുവോണ സമ്മാനമായി പാർട്ടിയുടെ അവകാശപത്രവും രണ്ടില ചിഹ്നവും കിട്ടിയതോടെ അത് ആഘോഷമാക്കുകയായിരുന്നു ജോസ്. കെ. മാണിയും കേരളാ കോൺ.(എം) പ്രവർത്തകരും. പാർട്ടിയും ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിച്ച് ഉള്ളംകൈയ്യിൽ വച്ചു തന്നതിലെ ആഹ്ലാദം വാനോളമായിരുന്നു. തിരുവോണ ദിവസമായ തിങ്കളാഴ്ച വൈകിട്ട് 6.30 ഓടുകൂടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് ജോസ്.കെ.മാണിക്ക് ലഭിക്കുന്നത്. ഇതറിഞ്ഞ ഉടൻ നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും ചെയർമാൻ ജോസ്.കെ.മാണിയുടെ വീട്ടിലേക്ക് ഒഴുകി എത്തിക്കൊണ്ടിരുന്നു. ലഡുവും, ഓണവിഭവങ്ങളും നൽകി ജോസ്.കെ.മാണിയും ഭാര്യ നിഷയും മാതാവ് കുട്ടിയമ്മ മാണിയും പ്രവർത്തകരുമായി സന്തോഷം പങ്കുവച്ചു.നിഷ ജോസും മകൻ കുഞ്ഞു മാണിയും രണ്ടിലകളുമായി എത്തി.പ്രവർത്തകർ രണ്ടിലകൾ കൈയിലേന്തി ചെയർമാൻ ജോസ്.കെ.മാണിയെ എടുത്ത് ഉയർത്തി മുദ്രാവാക്യം വിളിച്ചു നൃത്തം വച്ചു.തോമസ് ചാഴികാടൻ എം.പിയും റോഷി അഗസ്ത്യൻ എം.എൽ.എയും ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടവും, മുൻ എം.എൽ.എ സ്റ്റീഫൻ ജോർജും, അഡ്വ.ജോസ് ടോമും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്ത്യൻ കുളത്തുങ്കൽ എന്നിവരും കരിങ്ങോഴയ്ക്കൽ തറവാട്ടിലെത്തി പ്രവർത്തകരുടെ ആഹ്ലാദത്തിൽ പങ്കുചേർന്നു. ഇതോടെ അവൈലബിൾ നേതൃയോഗസ്ഥലം കൂടിയായി കരിങ്ങോഴയ്ക്കൽ വീട് മാറി. രണ്ടില ചിഹ്നത്തിൽ മത്സരിച്ചു വിജയിക്കുകയും പാർട്ടി തർക്കത്തിൽ പക്ഷം ചേരാതെ നിൽകുകയും ചെയ്ത ത്രിതല പഞ്ചായത്ത് അംഗങ്ങളും പിന്തുണ അറിയിച്ചെത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ആന്റോ പടിഞ്ഞാറേക്കര ,ടോബിൻ കണ്ടനാട്ട്, ബൈജു കൊല്ലംപറമ്പിൽ, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ജയ്‌സൺ മാന്തോട്ടം, സാവിയോ കാവുകാട്ട്, പെണ്ണമ്മ ജോസഫ്, ബെറ്റി ഷാജു, ലീന സണ്ണി, ബിജു പാലൂപടവൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.