കട്ടപ്പന: ശ്രീനാരായണ ഗുരുദേവ ജയന്തി ദിന മായ ഇന്ന് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചടങ്ങുകൾ നടത്തുമെന്ന് എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അറിയിച്ചു. യൂണിയനിലെ 38 ശാഖായോഗങ്ങളിൽ പതാക ഉയർത്തൽ, ഗുരുപൂജ, പ്രാർഥന, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടക്കും. ശാഖായോഗങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ രാവിലെ മുതൽ വിശേഷാൽ ഗുരുപൂജയും പ്രത്യേക വഴിപാടുകളും ഉണ്ടാകും. മലനാട് യൂണിയൻ ആസ്ഥാനത്ത് രാവിലെ ഒൻപതിന് പ്രസിഡന്റ് ബിജു മാധവൻ പീത പതാക ഉയർത്തും. സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ.സോമൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ബോർഡ് അംഗം ഷാജി പുള്ളോലിൽ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ മുതൽ ഗുരുദേവ കീർത്തിസ്തംഭത്തിൽ ഗുരുപൂജ, പ്രത്യേക പ്രാർഥന എന്നിവയും ഉണ്ടാകും. അംഗങ്ങളുടെ കുടുംബങ്ങളിൽ ദീപം തെളിച്ച് പ്രാർഥനകളും നടക്കും.